Content | ഡബ്ലിന്‍: അടുത്തവർഷം ഡബ്ലിനില്‍ നടക്കുന്ന ലോക കുടുംബസംഗമത്തിനായി അയര്‍ലണ്ട് പ്രാര്‍ത്ഥനാപൂര്‍വ്വം തയാറെടുക്കുന്നു. ഇതിനൊരുക്കമായി ക്‌നോക്കില്‍ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ വാർഷികമായ ഓഗസ്റ്റ് 21ന് തീർത്ഥാടന ബസിലിക്കയിൽ അർപ്പിച്ച തിരുക്കർമങ്ങളിൽ പതിനായിരങ്ങളാണ് പങ്കെടുക്കാനെത്തിയത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആയിരങ്ങളെ കൊണ്ട് ദേവാലയം നിറഞ്ഞത് സഭാനേതൃത്വത്തിനും സംഘാടകര്‍ക്കും പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ഡബ്ലിൻ ആർച്ച്ബിഷപ്പ് ഡയർമുയിഡ് മാർട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് ഒരുക്കപരിപാടികള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ ലോക കുടുംബസംഗമത്തിന്റെ ഐക്കൺ ചിത്രത്തിന്റെ വെഞ്ചിരിപ്പും അനാച്ഛാദനവും ആര്‍ച്ച് ബിഷപ്പ് ഡയർമുയിഡ് നിർവഹിച്ചു. ദേവാലയത്തിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന പേടകത്തിനുള്ളിലാണ് തിരുക്കുടുംബത്തിന്റെ ഐക്കൺ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്.
പേടകത്തിന്റെ രണ്ട് വാതിലുകളുടെ പുറത്ത് മുഖ്യദൂതന്മാരായ മിഖായേലും ഗബ്രിയേലും കാവൽ നിൽക്കുന്ന ചിത്രമുണ്ട്. കുടുംബങ്ങളുടെ മേലുള്ള ദൈവത്തിന്റെ സംരക്ഷണമാണ് ഇതിലൂടെ പ്രതീകവത്ക്കരിക്കുന്നതെന്നും വാതില്‍ തുറക്കുമ്പോൾ മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന തിരുക്കുടുംബത്തിന്റെ ചിത്രം നമ്മെ ആ വിരുന്ന് മേശയിലേക്ക് ക്ഷണിക്കുന്നതായും ഡബ്ലിൻ രൂപതാ വൈദികൻ ഫാ. ഡാമിയൻ പറഞ്ഞു. റിഡംപ്റ്ററിസ്‌റ്റൈൻ സന്ന്യാസിനികളുടെ സഹായത്തോടെ മിഹായ് കുക്കു എന്ന ചിത്രകാരനാണ് ഇത് നിർമിച്ചത്.
അയർലൻഡിലെ 26 രൂപതകളിലെ ഭൂരിഭാഗം ദേവാലയങ്ങളിലും ഐക്കൺ ചിത്രം എത്തിക്കും. 2018 ആഗസ്റ്റ് 22മുതൽ 26 വരെയാണ് ലോക കുടുംബസംഗമം നടക്കുന്നത്. ‘ദ ഗോസ്പൽ ഓഫ് ദ ഫാമിലി, ജോയ് ഫോർ ദ വേൾഡ്’ എന്നതാണ് ഇത്തവണത്തെ കുടുംബ സംഗമത്തിന്റെ ആപ്തവാക്യം.
|