Content | വാഷിംഗ്‌ടണ്‍: യു.എസിലെ ടെക്‌സസ് തീരത്ത് ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നു ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായവുമായി കത്തോലിക്ക സഭ. ഭക്ഷണവും ശുദ്ധജലവും അടിയന്തര സാധനങ്ങളും എത്തിക്കാന്‍ ക്നൈറ്റ്സ് ഓഫ് കൊളംബസ്, ക്നൈറ്റ്സ് ഓഫ് മാള്‍ട്ടാ, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി തുടങ്ങീ നിരവധി കത്തോലിക്ക സംഘടനകളും രൂപതകളുമാണ് രംഗത്തെത്തിയിരിക്കുന്നത്. വിന്‍സെന്റ് ഡി പോള്‍ ദുരന്ത നിവാരണ സംഘടന അടക്കമുള്ള നിരവധി കത്തോലിക്കാ സന്നദ്ധസംഘടനകള്‍ ചുഴലിക്കാറ്റിരയായവര്‍ക്കുള്ള സേവന കര്‍മ്മ പരിപാടി ആരംഭിക്കുന്ന വിവരം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.
ക്നൈറ്റ്സ് ഓഫ് കൊളംബസ്, ക്നൈറ്റ്സ് ഓഫ് മാള്‍ട്ടാ തുടങ്ങിയ കത്തോലിക്കാ സന്നദ്ധ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തങ്ങളുടെ അടിയന്തിര ദുരന്ത നിവാരണ സേനയെ ഉടനെ അയക്കുമെന്ന് അമേരിക്കയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സിഇഓ ആയ എലിസബത്ത് ഡിസ്കോ-ഷിയറര്‍ പറഞ്ഞു. ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കുവാനുള്ള സന്‍മനസ്സ് എല്ലാവരും കാണിക്കണമെന്ന് അമേരിക്കന്‍ കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഡാനിയല്‍ ഡിനാര്‍ഡോ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹാര്‍വി. ചുഴലിയെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തോടെ 60 ലക്ഷത്തോളംപേര്‍ പാര്‍ക്കുന്ന ഹൂസ്റ്റണ്‍ പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്. വിമാനത്താവളങ്ങളും റോഡുകളുമെല്ലാം അടച്ചു. ദുരിതമനുഭവിക്കുന്നവരെ ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷപ്പെടുത്തുകയാണ്. നഗരത്തിലെ രണ്ട് ആസ്പത്രികള്‍ പൂട്ടി. രോഗികളെ മറ്റൊരിടത്തേക്ക് മാറ്റി.
ഓഗസ്റ്റ് 27വരെ അഞ്ച് പേരോളം മരിച്ചിട്ടുണ്ടെന്നാണ് അധികാരികള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതിലും അധികം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. അതേ സമയം സ്ഥലത്തെ പ്രതികൂല കാലാവസ്ഥയും, സുരക്ഷാഭീഷണിയും നിമിത്തം ആവശ്യമുള്ളത്ര ദുരന്ത നിവാരണ സേനയെ വിന്യസിപ്പിക്കുവാന്‍ സര്‍ക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലും ദുരന്ത നിവാരണത്തിനായി നിരവധി കത്തോലിക്ക സന്നദ്ധ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. |