Content | മനില: ഫിലിപ്പീൻസിലെ മാറാവി നഗരത്തിലെ സെന്‍റ് മേരീസ് കത്തോലിക്ക കത്തീഡ്രൽ ദേവാലയം ഐഎസ് തീവ്രവാദികളിൽ നിന്നും സൈന്യം തിരിച്ചുപിടിച്ചു. നൂറ് ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഐഎസ് അനുഭാവികളായ മൗതേ സംഘടനയില്‍ നിന്നു ദേവാലയം പിടിച്ചെടുത്തത്. മൗതേ നീക്കങ്ങളുടെ കേന്ദ്രമായിരുന്ന ഇസ്ലാമിക് സെന്ററും ഗ്രാന്റ് മോസ്ക്കും വീണ്ടെടുത്തതിനെ തുടർന്നാണ് കത്തീഡ്രൽ ദേവാലയവും തിരിച്ചുപിടിച്ചത്.
മെയ് 23 മുതൽ മൗതേയുടെ അധീനതയിലായിരുന്ന സെന്‍റ് മേരീസ് കത്തീഡ്രൽ ദേവാലയം ആഗസ്റ്റ് ഇരുപത്തിയഞ്ചിനാണ് സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. ദേവാലയത്തിനകത്ത് സൂക്ഷിച്ചിരിന്ന സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കി സുരക്ഷിതമാക്കിയതായി അധികൃതർ പറഞ്ഞു. ക്രൈസ്തവ മുസ്ളിം വേർതിരിവില്ലാതെ, മതത്തെ തന്നെ അപമാനിക്കുന്ന പെരുമാറ്റമാണ് തീവ്രവാദികളുടേതെന്ന് വെസ്റ്റ്മിൻ കോം ചീഫ് ലഫ്.ജനറൽ കാർലിറ്റോ ഗൽവാസ് ജൂനിയർ പറഞ്ഞു.
നേരത്തെ ഫാ. ചിറ്റോ സുഗാനോബിനേയും പത്ത് ക്രൈസ്തവ വിശ്വാസികളെയും തടവിലാക്കിയ തീവ്രവാദി സംഘം അൾത്താരയും ദേവാലയത്തിലെ രൂപങ്ങളും തകർത്തിരിന്നു. അതേ സമയം അമ്പത്തിയാറ് ക്രൈസ്തവരാണ് മൗതേയുടെ കീഴില്‍ ബന്ദികളായി തുടരുന്നത്. മാറാവി നഗരത്തില്‍ പ്രവേശിച്ച ഏതാണ്ട് 500-ഓളം വരുന്ന ഭീകരര്‍, നഗരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക സ്ഥാപിച്ചു പ്രദേശത്തെ ജയിലില്‍ നിന്നും തടവ് പുള്ളികളെ മോചിപ്പിച്ചിരിന്നു. |