Content | മനില: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ബന്ധിയാക്കിയ മാറാവിയിലെ വികാര്‍-ജനറാളായ ഫാദര്‍ ടെരെസിറ്റോ സുഗാനോബ് ജീവിച്ചിരിക്കുന്നുവെന്ന് ഫിലിപ്പീന്‍സ് സൈന്യം. മാറാവിയിലെ സെന്റ് മേരീസ് കത്തീഡല്‍ തീവ്രവാദികളില്‍ നിന്നും തിരിച്ചു പിടിച്ചകാര്യം അറിയിക്കുവാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ചാണ് സൈന്യത്തിന്റെ കമാണ്ടറായ മേജര്‍ ജനറല്‍ കാര്‍ലിറ്റോ ഗാല്‍വെസ് ഇക്കാര്യം അറിയിച്ചത്. ഫാദര്‍ സുഗാനോബിനെ തീവ്രവാദികള്‍ നഗരത്തിനു പുറത്തേക്ക് കൊണ്ടുപോയിരിക്കുവാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വൈദികനെ ബന്ധിയാക്കിയുള്ള വീഡിയോ ഐഎസ് പുറത്തുവിട്ടിരിന്നു. ഫാദര്‍ സുഗാനോബ് ജീവിച്ചിരിക്കുന്നു എന്ന വാര്‍ത്ത തങ്ങള്‍ക്ക് പ്രത്യാശ പകരുന്നതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ആഴ്ചകള്‍ക്കുള്ളില്‍ മാറാവി നഗരം പഴയതുപോലെയാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. തീവ്രവാദികള്‍ ഒഴിഞ്ഞുപോയ ദേവാലയത്തില്‍ നിന്നും ലഭിച്ച പീലാസ, കാസ, കുരിശുരൂപം തുടങ്ങിയ വിശുദ്ധവസ്തുക്കളും പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
തെക്കന്‍ ഫിലിപ്പീന്‍സിലെ മാറാവിയിലുള്ള സെന്റ് മേരീസ് കത്തീഡ്രലില്‍ മെയ് 23-ന് കടന്നുകൂടിയ തീവ്രവാദികള്‍ ഓഗസ്റ്റ് 25-നാണ് ദേവാലയത്തില്‍ നിന്നും ഒഴിഞ്ഞുപോയത്. ഇക്കാലയളവില്‍ നിരവധി നാശഷ്ടങ്ങള്‍ ആണ് അവര്‍ ദേവാലയത്തിനകത്തുണ്ടാക്കിയത്. ഇതിന്റെ വീഡിയോ രംഗങ്ങള്‍ തീവ്രവാദികള്‍ തന്നെ പുറത്തുവിട്ടിരുന്നു. ദേവാലയം പൂര്‍ണ്ണമായും നശിച്ചിട്ടില്ലെങ്കിലും, ഭിത്തികളില്‍ വെടിയുണ്ടകള്‍ ഏല്‍പ്പിച്ച ക്ഷതങ്ങള്‍ മൂലം കത്തീഡ്രലില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ആവശ്യമാണെന്ന് മാറാവി ടാസ്ക്ഫോഴ്സിന്റെ ഔദ്യോഗികവക്താവായ ജോവാന്‍ പെറ്റിങ്ങാലി പറഞ്ഞു. |