Content | കാര്‍ട്ടജീന: കൊളംബിയയിലെ പര്യടനത്തിന്റെ സമാപനദിനമായ ഇന്നലെ പോപ് മൊബീലിന്റെ കമ്പിയില്‍ മുഖമിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു നിസ്സാര പരിക്കേറ്റു. കാര്‍ട്ടജീന നഗരത്തില്‍ തലീത്താ കും സമൂഹം ഭവനരഹിതര്‍ക്കായി നടത്തുന്ന സദനത്തിലേക്കു പോകുമ്പോഴായിരുന്നു അപകടം. വാഹനം പെട്ടെന്നു നിര്‍ത്തിയതാണു പരിക്കേല്‍ക്കാന്‍ കാരണമായത്. ഇടിയുടെ ആഘാതത്തില്‍ മാര്‍പാപ്പയുടെ കണ്ണിനു താഴെ ചതവുണ്ടായി രക്തം പൊടിഞ്ഞു. ഇടതുകണ്ണ് വീങ്ങിയ നിലയിലാണെങ്കിലും പര്യടന പരിപാടികൾ പാപ്പ തുടർന്നു. ‘എനിക്കൊരു ഇടി കിട്ടി. സുഖമായിരിക്കുന്നു’ എന്നായിരുന്നു പാപ്പായുടെ പ്രതികരണം. മാര്‍പാപ്പയുടെ പരിക്ക് നിസ്സാരമാണെന്ന് വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക് പറഞ്ഞു.
ഇന്നലെ കാര്‍ട്ടജീനയില്‍ പൊതുവേദിയില്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചു. അഞ്ചുദിവസം നീണ്ട കൊളംബിയന്‍ സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധ സ്ഥലങ്ങളില്‍ പത്തോളം പ്രഭാഷണം നടത്തി. അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ അനാഥശാല സന്ദര്‍ശിക്കുകയും ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് ഇരു ചേരികളിലായി നിന്നവരെ പങ്കെടുപ്പിച്ചു നടത്തിയ അനുരജ്ഞന ചടങ്ങിലും പങ്കെടുത്തു. രാഷ്ട്രീയ, സാമൂഹിക, മതനേതാക്കളുമായി ചര്‍ച്ചയും സന്ദര്‍ശനത്തിനിടെ നടന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മാര്‍പാപ്പയുടെ കൊളംബിയന്‍ സന്ദര്‍ശനം ആരംഭിച്ചത്. |