Content | അടൂര്‍: മലങ്കര കത്തോലിക്കാ സഭ പുനരൈക്യവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭ നടത്തുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സിറിയയില്‍ ക്രൂരപീഡനങ്ങള്‍ക്കു വിധേയരായ സഭാ മക്കള്‍ക്കായി ഒരു ലക്ഷം ഡോളര്‍ (ഏകദേശം 65 ലക്ഷം രൂപ) അന്ത്യോക്യന്‍ പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ ബാവയ്ക്കു കൈമാറും. പാത്രിയര്‍ക്കീസ് ബാവയുടെ പ്രവര്‍ത്തന മേഖലയിലുള്ള സഭാ മക്കളുടെ ശുശ്രൂഷയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാനാണിത്.
സൗജന്യ ഭവനനിര്‍മാണ പദ്ധതി, ചികിത്സാ സഹായ വിതരണം എന്നിവയും ഇതോടനുബന്ധിച്ചു നടക്കും. ആയിരത്തോളം പേര്‍ക്ക് സഭയുടെ വിവിധ ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് നടത്തും. അടൂരിലും പരിസരങ്ങളിലുമുള്ള 25 നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് ഒരു ലക്ഷം രൂപ വീതമുള്ള ധനസഹായം നല്‍കും. പുനരൈക്യ വാര്‍ഷികാഘോഷങ്ങളുടെ സ്വാഗതസംഘം ഓഫീസില്‍നിന്ന് അന്നദാനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെന്നും ബാവ പറഞ്ഞു. |