Content | വത്തിക്കാന്‍ സിറ്റി: പൂർണ ആരോഗ്യം വീണ്ടെടുക്കും വരെ ഫാ. ടോം ഉഴുന്നാലിൽ റോമിൽ ചികിത്സയിൽ തുടരുമെന്ന് സലേഷ്യൻ സഭ ആഗോളതലവൻ ഫാ. ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം. വിദേശ സന്ദർശനം കഴിഞ്ഞു റോമിൽ മടങ്ങി എത്തിയ ശേഷമാണ് ഫാ. അർടൈം ഫാ. ടോം ഉഴുന്നാലിലിനെ സന്ദർശിച്ചത്. ഫാ. ടോമിന്റെ വിശ്വാസസാക്ഷ്യം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും ലോകമെമ്പാടുമുള്ള സലേഷ്യന്‍ സഭാംഗങ്ങളുടെ പ്രതിനിധിയായാണ് വൈദികനെ താന്‍ കണ്ടെതെന്നും ഫാ. ഏഞ്ചൽ ഫെർണാണ്ടസ് പറഞ്ഞു.
തടവറയിലായിരിന്നപ്പോഴും അദ്ദേഹം പ്രാര്‍ത്ഥന അവസാനിപ്പിച്ചില്ല. ദൈവവുമായി സദാ സംസാരം തുടര്‍ന്നു. അദ്ദേഹം തന്റെ ക്ലേശങ്ങളെ സഭയ്ക്ക് വേണ്ടി യുവജനങ്ങള്‍ക്ക് വേണ്ടി ലോകം മുഴുവനും വേണ്ടി സമര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് വേണ്ട സാഹചര്യമോ വസ്തുക്കളോ ഇല്ലെങ്കില്‍ പോലും അദ്ദേഹം ദിവ്യബലി മുടക്കിയില്ലായെന്നത് ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം ആ സാഹചര്യത്തിലും തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു.
ഡോക്ടർമാർ ഫാദർ ഉഴുന്നാലിലിന്റെ ആരോഗ്യ സ്ഥിതിയിൽ പൂർണ തൃപ്തരാകും വരെ റോമിൽ ചികിത്സ തുടരും. ഇതിന് ശേഷമേ ഇന്ത്യയിലേക്ക് മടങ്ങൂ. തട്ടിക്കൊണ്ടു പോയവരുമായി ബന്ധപെടാൻ കഴിഞ്ഞുവെന്ന് ആഴ്ചകൾക്കു മുൻപ് വത്തിക്കാൻ അറിയിച്ചിരുന്നു. ഇത് പ്രതീക്ഷ വർദ്ധിപ്പിച്ചു. ഒമാൻ സുൽത്താനും മനുഷ്യാവകാശ പ്രവർത്തകർക്കും പ്രാർത്ഥിച്ച എല്ലാവർക്കും സലേഷ്യൻ സഭയുടെ പേരിൽ നന്ദി അര്‍പ്പിക്കുന്നതായും ഫാ. അർടൈം പറഞ്ഞു. സലേഷ്യന്‍ കുരിശ് ഫാ. ടോമിന്റെ കഴുത്തില്‍ അണിയിച്ചാണ് ഫാ. ഏഞ്ചൽ ഫെർണാണ്ടസ് മടങ്ങിയത്. |