Content | ന്യൂഡല്‍ഹി: തൊഴിലിടങ്ങളില്‍ വനിതകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനുള്ള നയരേഖയുമായി സിബിസിഐ. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സംരക്ഷണവും ബഹുമാനവും ഉറപ്പു വരുത്തുന്നതില്‍ കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണെന്ന്‍ രേഖയില്‍ പറയുന്നു. ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ തൊഴില്‍ ഇടങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള നയരേഖയാണ് പുറത്തിറക്കിയത്.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഔദ്യോഗിക, കായിക വിനോദ രംഗങ്ങളിലും വനിതകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ പലയിടത്തും അക്രമങ്ങള്‍ക്കു ഇരയാകുന്നു. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന പുരുഷ മേധാവിത്വമാണ് ഇതിനു കാരണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ കത്തോലിക്കാ സഭ ഒരിക്കലും അംഗീകരിക്കില്ലെന്നും സിബിസിഐ വ്യക്തമാക്കി. നയരേഖ അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
ചടങ്ങില്‍ ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ കൂട്ടോ, മലങ്കര ഗുരുഗ്രാം രൂപത ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രീനാസ്, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍, സിബിസിഐ വനിതാ കമ്മീഷന്‍ അംഗം സിസ്റ്റര്‍ താലിഷ നടുക്കുടിയില്‍, ഡല്‍ഹി മൈനോരിറ്റി കമ്മീഷന്‍ അംഗം സിസ്റ്റര്‍ സ്‌നേഹ ഗില്‍, എസ്ഡി കോണ്‍വെന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സ്മിത, തുടങ്ങിയവര്‍ പങ്കെടുത്തു.
|