Content | എഡിൻബർഗ്: സ്കോട്ട്‌ലൻഡില്‍ കത്തോലിക്ക വിശ്വാസം കൂടുതല്‍ വളര്‍ച്ച പ്രാപിക്കുന്നതായി പുതിയ റിപ്പോർട്ട്. സ്കോട്ടിഷ് ഗവണ്‍മെന്റിന്റെ വാര്‍ഷിക സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്. സര്‍വ്വേ പ്രകാരം ഏഴു വർഷത്തിനുള്ളിൽ ജനസംഖ്യയിലെ ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസം സ്വീകരിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പതിനായിരത്തോളം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. നിലവില്‍ സ്കോട്ട്‌ലൻഡില്‍ ആകെ ജനസംഖ്യയുടെ പതിനാല് ശതമാനം ആളുകള്‍ മാത്രമാണ് കത്തോലിക്ക വിശ്വാസികളായിട്ടുള്ളത്. ചര്‍ച്ച് ഓഫ് സ്കോട്ട്ലന്‍ഡ് എന്ന പ്രൊട്ടസ്റ്റന്‍റ് സമൂഹമാണ് രാജ്യത്തു ഭൂരിപക്ഷമായിട്ടുള്ളത്.
പ്രൊട്ടസ്റ്റന്‍റ് സമൂഹങ്ങളില്‍ നിന്നുള്ള ശക്തമായ കൊഴിഞ്ഞുപോക്ക് 2024-ല്‍ സ്കോട്ട്ലന്‍ഡ് കത്തോലിക്ക ഭൂരിപക്ഷമാകുന്നതിന് കാരണമാകുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കപ്പെടുന്നത്. സന്തോഷകരമായ വാർത്തകളാണ് പുറത്തു വന്നിരിക്കുന്നതെന്നും എന്നാൽ സുവിശേഷ പ്രവർത്തനം തുടണമെന്നും ലനാര്‍ക്ഷെയറിലെ തിരുകുടുംബ ദേവാലയ പ്രതിനിധികള്‍ പറഞ്ഞു. റിപ്പോർട്ട് ഫലങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കത്തോലിക്ക സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ കണക്കുകള്‍ ദൈവിക ദൗത്യത്തിലേക്ക് ഒരു വിളിയായി ഏറ്റെടുക്കണമെന്ന് വിഷോയിലെ വിശുദ്ധ ഇഗ്നേഷ്യസ് കത്തോലിക്ക ദേവാലയധികൃതർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. അതേസമയം ദൈവ വിശ്വാസത്തേക്കാൾ യുക്തി, വികാരം, അനുഭവം എന്നിവയിൽ ജീവിതം ചിട്ടപ്പെടുത്തുന്ന സ്കോട്ടിഷ് ജനതയുടെ രീതി ആശങ്കാജനകമാണെന്ന് സ്കോട്ട്ലാന്റ് ഹ്യുമനിസ്റ്റ് സൊസൈറ്റി ക്യാമ്പയിൻ മാനേജർ ഫ്രസർ സൂതർലാന്റ് അഭിപ്രായപ്പെട്ടു. |