Content | ബംഗളൂരു: തടവറയിലെങ്കിലും മനസും ഹൃദയവും നിറയെ പ്രാര്‍ത്ഥനയും ദൈവവുമായുള്ള സംഭാഷണങ്ങളുമായിരുന്നുവെന്ന്‍ ഫാ. ടോം ഉഴുന്നാലില്‍. കണ്‍ മുന്നില്‍വെച്ചു കൊല്ലപ്പെട്ട നാലു സന്യാസിനികള്‍ ഉള്‍പ്പെടെയുള്ള നിരപരാധികളും അവരെ വെടിവച്ചവരുടെ മാനസാന്തരവും തന്റെ പ്രാര്‍ത്ഥനകളിലുണ്ടായിരുന്നുവെന്ന്‍ ബംഗളൂരൂവില്‍ ഫാ. ടോം പറഞ്ഞു. മരണത്തെക്കുറിച്ചു ഞാന്‍ തെല്ലും ആശങ്കപ്പെട്ടില്ല. പ്രാര്‍ത്ഥനയില്‍ അഭയം പ്രാപിച്ച് പ്രതീക്ഷയോടെ കാത്തിരിക്കാനായിരുന്നു തമ്പുരാന്‍ എന്നോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്.
സെപ്റ്റംബര്‍ പത്തിനാണു മോചനത്തെക്കുറിച്ച് ആദ്യ സൂചന ലഭിക്കുന്നത്. പുലര്‍ച്ചെ കുളിച്ചു തയാറാവാന്‍ ഭീകരര്‍ ആവശ്യപ്പെടുമ്പോള്‍ മോചനത്തിനല്ല, മറ്റെന്തോ അപകടത്തിലേക്കുള്ള വിളിയെന്നാണ് ആദ്യം തോന്നിയത്. വിശാലമായ സൗകര്യങ്ങളുള്ള ഒരു വാഹനത്തില്‍ യാത്ര തുടങ്ങി. കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലായിരുന്നു ഞാന്‍. ഒന്നും കാണുന്നില്ല. എത്തരത്തിലുള്ള സ്ഥലമെന്നും മനസിലാവുന്നില്ല.ഏതാനും മണിക്കൂറുകള്‍ അതിവേഗത്തിലുള്ള യാത്ര. എവിടെയോ ഏറെ നേരം നിര്‍ത്തിയിട്ടു.
പിന്നീട് യാത്ര വീണ്ടും. പക്ഷേ, അതു തടവറയിലേക്കുള്ള മടക്കയാത്രയായിരുന്നുവെന്നു പിന്നീടാണു മനസിലായത്. ശ്രമം അപ്പോള്‍ പരാജയപ്പെട്ടെങ്കിലും എന്നെ വിട്ടുനല്‍കാന്‍ തന്നെയാണു ഭീകരരുടെ പദ്ധതിയെന്ന് എനിക്കു സൂചന കിട്ടി. അന്നു രാത്രി വീണ്ടും കണ്ണുകള്‍ മൂടിക്കെട്ടി യാത്ര ആരംഭിച്ചു. ഏറെ നേരം സഞ്ചരിച്ചശേഷം മറ്റൊരു വണ്ടിയിലേക്ക്. അതുവരെയുണ്ടായിരുന്നവരായിരുന്നില്ല ശേഷം കൂട്ട്. രാത്രി കഴിഞ്ഞെന്നും പകലായെന്നും മനസിലായി.
യാത്ര മണിക്കൂറുകള്‍ നീണ്ടു. രാത്രിയിലെപ്പോഴോ ഭീകരരില്‍ ഒരാള്‍ തോളില്‍ തട്ടി പറഞ്ഞു; വെല്‍ക്കം ടു ഒമാന്‍. അപ്പോഴാണു ഞാന്‍ ഒമാനിലെത്തിയ വിവരം അറിയുന്നത്. അവിടുന്നു വിമാനത്തില്‍ മസ്‌കറ്റിലെത്തിയതോടെ, പുറംലോകത്തിന്റെ വെട്ടം കണ്ടതോടെ പുതിയ പ്രതീക്ഷകള്‍. ദൈവത്തിലുള്ള വിശ്വാസത്തിനും സാക്ഷ്യത്തിനും എനിക്കും നമുക്കെല്ലാവര്‍ക്കുമുള്ള നിയോഗമായിക്കൂടിയാണ് എനിക്കുണ്ടായ അനുഭവങ്ങളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. |