category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകേരള ലത്തീന്‍സഭയുടെ മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വന്‍ഷന് ഇന്നു ആരംഭം
Contentകൊച്ചി: കേ​​​ര​​​ള ല​​​ത്തീ​​​ൻ​​​സ​​​ഭ​​​യു​​​ടെ മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​​സി​​​സി ക​​​ണ്‍​വ​​​ൻ​​​ഷ​​​ന് ദേശീയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും പ്രശസ്ത മരിയന്‍ ബസിലിക്കയുമായ വല്ലാര്‍പാടത്ത് ഇന്നു തുടക്കമാകും. കേരളത്തിലെ 12 ലത്തീന്‍ രൂപതകളുടെയും സംയുക്ത ഒത്തുചേരലായിരിക്കും കണ്‍വെന്‍ഷന്‍. തിരുവനന്തപുരം ലത്തീന്‍ പ്രൊവിന്‍സിന്റെ കീഴിലുള്ള ആലപ്പുഴ, കൊല്ലം, പുനലൂര്‍, നെയ്യാറ്റിന്‍കര രൂപതകളും വരാപ്പുഴ പ്രൊവിന്‍സിന്റെ കീഴിലുള്ള കൊച്ചി, കോട്ടപ്പുറം, വിജയപുരം, കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് എന്നീ രൂപതകളിലെ മെത്രാന്മാരും ഭാരതത്തിലെ മിഷന്‍ രൂപതകളിലെ മെത്രാന്മാരും പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്‍വന്‍ഷനെത്തിച്ചേരുന്നവരുടെ രജിസ്‌ട്രേഷന്‍ ഇന്നു രാവിലെ 8.30-ന് ആരംഭിക്കും. തുടര്‍ന്ന് 9.50-ന് സുല്‍ത്താന്‍പേട്ട് രൂപതാധ്യക്ഷന്‍ ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തുന്നതോടെ ത്രിദിന മിഷന്‍ കോണ്‍ഗ്രസിന് തുടക്കമാകും. കെ.സി.ബി.സി.യുടെയും കെ.ആര്‍.എല്‍.സി.ബി.സി.യുടെയും പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ഡോ. സൂസൈപാക്യത്തിന്റെ അധ്യക്ഷതയില്‍ 10.10-ന് കൂടുന്ന സമ്മേളനത്തില്‍ സി.സി.ബി.ഐ. പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മിഷന്‍ കോണ്‍ഗ്രസ് – ബി.സി.സി. കണ്‍വന്‍ഷന്‍ – 2017 ഉദ്ഘാടനം ചെയ്യും. ഭാരതത്തിലെയും നേപ്പാളിലെയും വത്തിക്കാന്‍ സ്ഥാനപതിയായ ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും. കെആര്‍എല്‍സിബിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദ സന്ദേശം വായിക്കും. സീറോ മലബാര്‍ സഭാ പ്രതിനിധി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സീറോ മലങ്കര സഭാ പ്രതിനിധി മാവേലിക്കര ബിഷപ് മാര്‍ ജോഷ്വ ഇഗ്നാത്തിയോസ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്വാഗതവും കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ നന്ദിയും പറയും. ഉദ്ഘാടന സമ്മേളനാനന്തരം ഉച്ചയ്ക്ക് 12-ന് എറണാകുളം സെന്റ് തെരേസാസ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മിഷന്‍ കോണ്‍ഗ്രസ് – ബിസിസി കണ്‍വന്‍ഷന്‍ തീം സോങിന്റെ നൃത്താവിഷ്‌ക്കാരം നിര്‍വ്വഹിക്കും. 25 വിദ്യാര്‍ത്ഥിനികള്‍ അണിനിരക്കുന്ന നൃത്താവിഷ്‌ക്കാരം താരിഫ് സാറിന്റെ നേതൃത്വത്തില്‍ ബീന ജൂലി, ഷേര്‍ളി പോള്‍ എന്നിവരാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ഐപിഎസ് ആദ്യ ദിനത്തിലെ മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം.പി.ചാള്‍സ് ഡയസ് നന്ദി രേഖപ്പെടുത്തും. കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ സംഗീത ശുശ്രൂഷയോടെ ഉച്ചയ്ക്കുശേഷം 1.30-ന് ആദ്യ സെഷനാരംഭം കുറിക്കും. ‘പങ്കാളിത്ത സഭ’ എന്ന വിഷയത്തില്‍ ഷെല്‍ട്ടര്‍ പിന്‍ഹീറോ ആദ്യസെഷന് നേതൃത്വം നല്‍കും. സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ലൈസ നന്ദിയര്‍പ്പിക്കും. ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ പ്രധാന കാര്‍മികത്വത്തില്‍ വല്ലാര്‍പാടം ബസിലിക്കാങ്കണത്തില്‍ മൂന്ന് മണിക്കര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ സമൂഹ ദിവ്യബലി മധ്യേ വരാപ്പുഴ മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ആര്‍ച്ച്ബിഷപ് ദിക്വാത്രോ പാലിയം ധരിപ്പിക്കും. വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ വച്ച് ഫ്രാന്‍സിസ് പാപ്പായില്‍ നിന്നും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്വീകരിച്ച പാലിയമാണ് ഔദ്യോഗികമായി വത്തിക്കാന്‍ സ്ഥാനപതി ധരിപ്പിക്കുക. വത്തിക്കാനിലെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രധാന കാര്‍മികത്വത്തില്‍ കഴിഞ്ഞ ജൂണ്‍ 29-ന് അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് ആഗോളസഭയിലെ 32 മെത്രാപ്പോലീത്തമാര്‍ക്ക് പാപ്പാ സ്ഥാനിക ഉത്തരീയമായ പാലിയം നല്‍കിയത്. ഇവരില്‍ ഏക ഇന്ത്യക്കാരന്‍ ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പിലായിരുന്നു. കുഞ്ഞാടിന്റെ രോമം കൊണ്ട് നെയ്തുണ്ടാക്കിയ പാലിയം നല്ലിടയനായ ക്രിസ്തുവിനോട് സാരൂപ്യപ്പെടേണ്ട മെത്രാപ്പോലീത്തായുടെ ഇടയ ദൗത്യത്തെയാണ് സൂചിപ്പിക്കുന്നത്. മാര്‍പാപ്പായും മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ്പുമാരും തമ്മിലുള്ള സവിശേഷമായ ബന്ധത്തിന്റെ അടയാളം കൂടിയാണിത്. ഒരു അതിരൂപതയുടെ ഭരണച്ചുമതലയും അതിരൂപതയ്ക്ക് സാമന്ത രൂപതകളുമുള്ള ആര്‍ച്ച്ബിഷപ്പിനെയാണ് മെട്രൊപ്പോലിറ്റന്‍ ആര്‍ച്ച്ബിഷപ് എന്നുവിളിക്കുന്നത്. അതായത് എല്ലാ മെത്രാപ്പോലീത്തമാര്‍ക്കും പാലിയം ഇല്ലെന്നര്‍ത്ഥം. വരാപ്പുഴ അതിരൂപതയ്ക്ക് കൊച്ചി, കോട്ടപ്പുറം, വിജയപുരം, കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് എന്നീ ആറ് സാമന്തരൂപതകളാണുള്ളത്. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി നന്ദിയര്‍പ്പിക്കും. വൈകിട്ട് 4.30-ന് കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ക്കായി നിശ്ചയിച്ചിട്ടുള്ള വിവിധ ഇടവകകളിലെ മൂവായിരത്തി അഞ്ഞൂറ് ഭവനങ്ങളിലേക്ക് പ്രതിനിധികള്‍ യാത്രയാകും. കെആര്‍എല്‍സിസി ജനറല്‍ ബോഡി അംഗങ്ങള്‍, 12 രൂപതകളിലെ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിസിസി കോ-ഓര്‍ഡിനേറ്റര്‍മാര്‍, പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, ഇടവകയിലെ ആറ് ശുശ്രൂഷാ സമിതികളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍, യുവജന പ്രതിനിധികള്‍, ബിസിസി സിസ്റ്റര്‍ ആനിമേറ്റര്‍മാര്‍, ഭക്തസംഘടനാ പ്രതിനിധികള്‍, കെഎല്‍സിഎ, സിഎസ്എസ്, കെഎല്‍സി ഡബ്ല്യുഎ, ഡിസിഎംഎസ്, കെഎല്‍എം, ആംഗ്ലോ ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍, മതാധ്യാപക പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്നതാണ് മൂവായിരത്തി അഞ്ഞൂറ് പ്രതിനിധിസംഘം. മിഷന്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിനമായ ഒക്‌ടോബര്‍ ഏഴിന് വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കോട്ടപ്പുറം എന്നീ നാലുരൂപതകളിലെ 22 സെന്ററുകളിലാണ് സംഗമം നടക്കുക. ആലപ്പുഴ രൂപതയിലെ കണ്ടക്കടവ്, മാനാശ്ശേരി, കൊച്ചി രൂപതയിലെ ഫോര്‍ട്ടുകൊച്ചി ബസിലിക്ക, ഫോര്‍ട്ടുകൊച്ചി വെളി, ഇടക്കൊച്ചി, മുണ്ടംവേലി, പള്ളുരുത്തി, കോട്ടപ്പുറം രൂപതയിലെ കോട്ടപ്പുറം, ഗോതുരുത്ത്, പള്ളിപ്പുറം, വരാപ്പുഴ അതിരൂപതയിലെ തൈക്കൂടം, തോട്ടക്കാട്ടുകര, കാക്കനാട്, പെരുമാനൂര്‍, കലൂര്‍, വടുതല, കൂനമ്മാവ്, മഞ്ഞുമ്മല്‍, വരാപ്പുഴ, ചേരാനല്ലൂര്‍, എടവനക്കാട്, ഓച്ചന്തുരുത്ത് വളപ്പ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട സംഗമ കേന്ദ്രങ്ങള്‍. ഓരോ കേന്ദ്രങ്ങളിലും 200 പ്രതിനിധികള്‍ വീതം സംഗമിക്കും. സമ്മേളന വേദികള്‍ക്ക് മിഷണറിമാരായ 22 മഹത് വ്യക്തികളുടെ നാമധേയമാണ് നല്‍കിയിരിക്കുന്നത്. 22 കേന്ദ്രങ്ങളിലും ഒരേ രീതിയിലുള്ള ചര്‍ച്ചകളും പഠനങ്ങളുമായിരിക്കും നടക്കുക. രാവിലെ 9.30-ന് പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കുകയും തുടര്‍ന്ന് രണ്ടാം ദിനത്തിന്റെ ഉദ്ഘാടന കര്‍മങ്ങളും ഓരോ സെന്ററിലും നടക്കും. ‘ബിസിസികളിലൂടെ സജീവമാകുന്ന ഇടവക’, ‘ശുശ്രൂഷകളിലൂടെ സജീവമാകുന്ന ബിസിസി’ എന്നീ വിഷയങ്ങളായിരിക്കും പഠനത്തിനും വിചിന്തനത്തിനും വിധേയമാക്കുക. ബിസിസി പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ശക്തിപ്പെടുത്താം എന്നതായിരിക്കും ഗ്രൂപ്പുചര്‍ച്ചയുടെ വിഷയം. തുടര്‍ന്ന് പൊതുചര്‍ച്ച. ഉച്ചയ്ക്കുശേഷം 2.30-ന് മിഷന്‍ കോണ്‍ഗ്രസിന്റെ പ്രധാന വേദിയായ വല്ലാര്‍പാടം ബസിലിക്കയില്‍ പൊന്തിഫിക്കല്‍ സമൂഹ ദിവ്യബലി അര്‍പ്പണം. വൈകിട്ട് ആറിന് പ്രതിനിധികള്‍ രൂപതകളിലെ വിവിധ ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ സന്ദര്‍ശിച്ച് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കും. മൂവായിരത്തി അഞ്ഞൂറ് കുടുംബയൂണിറ്റുകളില്‍ മൂവായിരത്തി അഞ്ഞൂറ് പ്രതിനിധികള്‍ ഒരേ സമയം പങ്കെടുത്ത് ആശയവിനിമയം നടത്തുന്നത് കേരള സഭാചരിത്രത്തിലെ പുതിയ അനുഭവമായിരിക്കും. പങ്കാളിത്തസഭ: സുവിശേഷ പ്രഘോഷണത്തിനും സാക്ഷ്യത്തിനുമെന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമായിരിക്കും കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നതുവഴി പ്രതിനിധികള്‍ പങ്കുവയ്ക്കുന്നത്. സമാപനദിനമായ ഒക്‌ടോബര്‍ എട്ടിന് രാവിലെ ഒന്‍പത് മണിക്ക് കാര്‍മല്‍ഗിരി സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് ത്രിദിന കണ്‍വന്‍ഷന്റെ സമാപനത്തിന് തുടക്കം കുറിക്കുന്നത്. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാര്‍മികനായിരിക്കും. കേരളത്തിലെ ലത്തീന്‍ സഭയില്‍ അടുത്ത പത്തുവര്‍ഷത്തേക്ക് നടപ്പിലാക്കാന്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ദശവത്സര അജപാലന ദര്‍ശന രേഖയുടെ പ്രകാശനം 9.15-ന് സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ് നിര്‍വ്വഹിക്കും. കെആര്‍എല്‍സിബിസി ശുശ്രൂഷാ സമിതികളുടെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് തറയില്‍ ദശവത്സര പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കും. സിസിബിഐ ബിസിസി കമ്മീഷന്‍ ദേശീയ ചെയര്‍മാനും സിംല-ചാണ്ഡിഗര്‍ രൂപതാ ബിഷപ്പുമായ ഡോ. ഇഗ്നേഷ്യസ് ലൊയോള മസ്‌ക്രീനാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സിബിസിഐ ബിസിസി കമ്മീഷന്‍ സെക്രട്ടറി ഫാ. വിജയ് തോമസ്, ആന്റണി നൊറോണ എന്നിവര്‍ ആശംസകളര്‍പ്പിക്കും. തുടര്‍ന്ന് 10.10-ന് ആരംഭിക്കുന്ന പഠന ക്ലാസില്‍ ‘പ്രേഷിത പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയം കെആര്‍എല്‍സിബിസി സെക്രട്ടറി ജനറലും കോഴിക്കോട് രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലും തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും ചേര്‍ന്ന് നയിക്കും. ‘ജീവിതത്തില്‍ എങ്ങനെ ഒരു മിഷണറിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കും’ എന്ന വിഷയത്തെ ആസ്പദമാക്കി 11.15-ന് ടോക്‌ഷോ നടക്കും. മോണ്‍. ജയിംസ് കുലാസ്, ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്, ജോയി ഗോതുരുത്ത്, ഫാ. പോള്‍ സണ്ണി എന്നിവര്‍ നേതൃത്വം നല്‍കും. മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ കൃതജ്ഞത പ്രകാശിപ്പിക്കും. ഉച്ചയ്ക്കുശേഷം 2.30-ന് അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ സമൂഹദിവ്യബലിയില്‍ വത്തിക്കാനില്‍ നിന്നുള്ള ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ് പ്രൊട്ടാസെ റുഗുംബോ മുഖ്യകാര്‍മികത്വം വഹിക്കും. കേരളസഭയ്ക്കു വേണ്ടിയുള്ള പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള വിശദമായ രൂപരേഖ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റവ. ഡോ. ഗ്രിഗറി ആര്‍ബി അവതരിപ്പിക്കും. തുടര്‍ന്ന് ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. കേരളസഭയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് മിഷന്‍ ക്രോസ് കൈമാറ്റവും കണ്‍വന്‍ഷനില്‍ നടക്കും. മിഷന്‍ കോണ്‍ഗ്രസ്-ബിസിസി കണ്‍വന്‍ഷന്റെ തുടര്‍പദ്ധതി ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം പ്രഖ്യാപിക്കുന്നതിനെ തുടര്‍ന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നന്ദിയര്‍പ്പിക്കും. ഇതോടെ ത്രിദിന കണ്‍വന്‍ഷന് സമാപനമാകും.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-06 06:32:00
Keywordsലത്തീന്‍
Created Date2017-10-06 06:34:23