Content | റോം: ലാറ്റിന്‍ അമേരിക്കയിലെ ആമസോൺ മേഖലയ്ക്കായി ഫ്രാൻസിസ് പാപ്പ പ്രത്യേക സിനഡ് പ്രഖ്യാപിച്ചു. 2019 ഒക്ടോബര്‍ മാസത്തിൽ സിനഡ് നടത്തുമെന്നാണ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ 35വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന് ശേഷമാണ് പാപ്പ ഇക്കാര്യം പ്രഖ്യാപിച്ചത്. ഒരു പ്രത്യേക മേഖലയ്ക്കായി ഫ്രാന്‍സിസ് പാപ്പ സിനഡ് വിളിച്ചുകൂട്ടുന്നത് ഇതാദ്യമാണ്. ലാറ്റിൻ അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ആഗ്രഹത്തെ മാനിച്ചുകൊണ്ടുമാണ് സിനഡ് നടത്തുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
പാന്‍ ആമസോണ്‍ മേഖലയിൽ സുവിശേഷവത്കരണത്തിനുള്ള പുതിയ പാതകൾ കണ്ടെത്തുക എന്നതാണ് സിനഡിന്റെ പ്രധാന ലക്‌ഷ്യം. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനിസ്വേല, സുരിനാം എന്നിവ ഉൾപ്പെടുന്ന ലാറ്റിന്‍ അമേരിക്കയിലെ ബിഷപ്പുമാരാണ് സിനഡില്‍ പങ്കെടുക്കുക. തദ്ദേശീയരായ ജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനോടോപ്പം ലോകത്തിന്റെ തന്നെ ശ്വാസകോശം എന്ന് കണക്കാക്കപ്പെടുന്ന മഴക്കാടുകളുടെ പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യുവാനും സിനഡ് സമയം കണ്ടെത്തും. ആമസോണ്‍ പ്രദേശത്തെ വൈവിധ്യം ദൈവത്തിന്റെ സമ്മാനമാണെന്നും അത് ഇന്ന് ചൂഷണം ചെയ്യപ്പെടുകയാണെന്നും പാപ്പ സിനഡ് പ്രഖ്യാപന സന്ദേശത്തില്‍ പറഞ്ഞു. |