Content | വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെയും ശുശ്രൂഷ ചെയ്യുന്ന മിഷന്‍ പ്രവര്‍ത്തകരെയും സ്മരിച്ചുകൊണ്ട് ആഗോള കത്തോലിക്ക സഭ ഇന്ന് പ്രേഷിതദിനമായി ആചരിക്കുന്നു. “പ്രേഷിതദൗത്യം ക്രിസ്തീയവിശ്വാസത്തിന്‍റെ ഹൃദയത്തില്‍” എന്നതാണ് ഇക്കൊല്ലത്തെ പ്രേഷിതഞായറിന് ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന വിചിന്തന പ്രമേയം. പ്രാര്‍ത്ഥന പ്രവര്‍ത്തനമായി പരിണമിക്കുന്നതാണ് പ്രേഷിതപ്രവര്‍ത്തനമെന്നു കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോനി പറഞ്ഞു.
അനുവര്‍ഷം ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറിന് തൊട്ടുമുമ്പു വരുന്ന ഞായറാഴ്ചയാണ് ലോക പ്രേഷിതദിനമായി ആചരിക്കുന്നത്. ആഗോള മിഷൻ ഞായറിനോടനുബന്ധിച്ച് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി ആഗോള കത്തോലിക്ക വിശ്വാസികളുടെ കണക്കെടുപ്പ് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിന്നു. റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ നൂറ്റിമുപ്പത് കോടിയോളം കത്തോലിക്ക വിശ്വാസികളാണ് ഉള്ളത്. 2015ൽ മാത്രം ഒന്നേകാല്‍ കോടിയോളം പേര്‍ കത്തോലിക്ക വിശ്വാസികളായെന്നു കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
|