Content | മറയൂര്‍: വിജയപുരം രൂപതയുടെ മറയൂര്‍ സെന്റ് മേരീസ് കത്തോലിക്ക പള്ളി വികാരിയ്ക്ക് രാത്രി ഭക്ഷണത്തില്‍ മയക്കുമരുന്നു നല്‍കി വന്‍കവര്‍ച്ച. ഫാ. ഫ്രാന്‍സിസ് നെടുംപറമ്പിനെ മയക്കിയാണ് ഒന്നരലക്ഷം രൂപയും ഒരുലക്ഷം രൂപ വിലമതിക്കുന്ന കാമറയും ലാപ്പ്ടോപ്പും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തത്. വൈദികന്റെ പരിചയക്കാരനായ ബംഗളൂരു സ്വദേശി ഹേമന്ദ്, ഇയാളോടൊപ്പം എത്തിയ സുദേവ് എന്നിവരാണ് മോഷണം നടത്തിയത്. പള്ളിമുറിയില്‍ അവശനിലയില്‍ കണ്ട വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറന്പിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറയൂര്‍ പള്ളിയിലേക്ക് സ്ഥലംമാറി എത്തുന്നതിനുമുന്‍പ് ഫാ. ഫ്രാന്‍സിസ് ബംഗളുരുവിലെ സെന്റ് ജോസഫ് മെഡിക്കല്‍ കോളജില്‍ ചാപ്ലിനായി സേവനം ചെയ്തിരുന്നു. ഇവിടെവച്ചാണ് ഹേമന്ദിനെ പരിചയപ്പെടുന്നത്. സിംഗപ്പൂരില്‍നിന്ന് എംബിബിഎസ് പഠനം നടത്തിയെന്നും എംഡി പഠിക്കുന്നതിനായാണ് ബംഗളുരുവില്‍ എത്തിയതെന്നും പറഞ്ഞാണ് പരിചയപ്പെട്ടത്. പിന്നീട് മറയൂരിലേക്ക് സ്ഥലം മാറിയപ്പോഴും ഫോണിലുടെ ഫാ. ഫ്രാന്‍സിസുമായി ബന്ധപ്പെടുകയും പരിചയം നിലനിര്‍ത്തുകയും ചെയ്തിരുന്നു.
24നു പുലര്‍ച്ചെ ഹേമന്ദും സുഹൃത്തായ സുദേവും ഉദുമലപേട്ട മൂന്നാര്‍ കെഎസ്ആര്‍ടിസി ബസില്‍ മറയൂര്‍ പള്ളിയിലെത്തി. പരിചയക്കാരനായതിനാല്‍ പള്ളിയിലെ അതിഥിമന്ദിരത്തില്‍ താമസിപ്പിച്ചു. അടുത്തദിവസം മറയൂര്‍ മേഖലയില്‍ ചുറ്റി സഞ്ചരിച്ചശേഷം വൈകുന്നേരം പള്ളിയില്‍ മടങ്ങിയെത്തിയ ഹേമന്ദ് രാത്രിഭക്ഷണം തങ്ങള്‍ തയാറാക്കാമെന്നു പറഞ്ഞു. ചപ്പാത്തിയും വെജിറ്റബിളും പാകം ചെയ്ത് ഫാ. ഫ്രാന്‍സിസിനു നല്‍കി. ഭക്ഷണം കഴിച്ച് കുറച്ചു സമയത്തിനൂള്ളില്‍തന്നെ വൈദികന്‍ മയക്കത്തിലായി. പിന്നീടാണ് കവര്‍ച്ച നടത്തിയത്.
പള്ളിവക സ്ഥലത്തുള്ള കരിമ്പ്കൃഷിയിലെ ശര്‍ക്കര വിറ്റ് ലഭിച്ച ഒന്നരലക്ഷം രൂപയാണ് മുറിയില്‍ സൂക്ഷിച്ചിരുന്നത്. ഈ പണവും മൊബൈല്‍ ഫോണും കാമറയുമാണ് തട്ടിയെടുത്തത്. ഇടവകാംഗങ്ങള്‍ ഇന്നലെ രാവിലെ കുര്‍ബാനക്കെത്തിയപ്പോഴാണ് ഫാ. ഫ്രാന്‍സിസിനെ അവശനിലയില്‍ കണ്ടത്. മുറി പരിശോധിച്ചപ്പോഴാണ് ഹേമന്ദിനേയും സുദേവിനെയും കാണാനില്ലെന്നും മോഷണം നടന്ന വിവരവും അറിയുന്നത്.
പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മോഷ്‌ടാക്കള്‍ രാത്രി പള്ളിയിലേക്ക് നടന്നു വന്നതും മോഷണ വസ്‌തുക്കളുമായി തിരികെ ബസ് സ്‌റ്റാന്‍ഡിലേക്കു നടന്നുപോകുന്നതും സി.സി.ടിവി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്.
|