category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിസ്റ്റര്‍ റാണി മരിയയുടെ നാമകരണത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് കാഞ്ഞിരപ്പള്ളിക്കാരന്‍ ബേബിച്ചന്‍
Contentകോട്ടയം: ഇന്‍ഡോര്‍ റാണി സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന്റെ മഹത്വം ഭാരതസഭയില്‍ ഉടനീളം പ്രഘോഷിക്കുന്നതില്‍ മുന്നില്‍ നിന്നത് കാഞ്ഞിരപ്പള്ളി സ്വദേശിയായ ഏര്‍ത്തയില്‍ ബേബിച്ചന്‍. ഈടുറ്റ ഗ്രന്ഥങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും സിസ്റ്ററിന്റെ ജീവത്യാഗത്തിന്റെ മഹത്വം ഉദ്ഘോഷിക്കുവാന്‍ ബേബിച്ചന് കഴിഞ്ഞുയെന്നത് ശ്രദ്ധേയമാണ്. 1995 ഫെബ്രുവരി 25നു സിസ്റ്റര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേട്ടതിന്റെ നടുക്കം മാറിയപ്പോള്‍ തന്നെ ബേബിച്ചന്‍ 'റാണി മരിയ പ്രാര്‍ത്ഥന' എഴുതി തയാറാക്കുകയാണ് ചെയ്തത്. തുടക്കത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ചൊല്ലിത്തുടങ്ങിയ ആ പ്രാര്‍ത്ഥന വൈകാതെ സഭാധികാരികളുടെ അനുമതിയോടെ അച്ചടിച്ചു നിരവധി ആളുകള്‍ക്ക് സമ്മാനിച്ചു. ഇതുകൊണ്ടൊന്നും സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന്റെ മഹത്വം പ്രഘോഷിക്കുന്നത് അവസാനിപ്പിക്കുവാന്‍ അദ്ദേഹം തയാറായില്ല. ഇന്‍ഡോറിലേക്ക് പുറപ്പെട്ട അദ്ദേഹം റാണിമരിയയുടെ കാലടികള്‍ പതിഞ്ഞ ഗ്രാമങ്ങളിലൂടെയും നാട്ടുവഴികളിലൂടെയും നടന്ന് സിസ്റ്ററിന്റെ ത്യാഗോജ്ജലമായ നന്മകള്‍ അടുത്തറിഞ്ഞു. റാണി മരിയയുടെ സഹപ്രവര്‍ത്തകരായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് അംഗങ്ങളെ സന്ദര്‍ശിച്ചും ഫോണിലൂടെ ബന്ധപ്പെട്ടും ബേബിച്ചന്‍ ഏറെക്കാര്യങ്ങള്‍ മനസിലാക്കി. സിസ്റ്ററിനെ കൊലചെയ്ത സമുന്ദര്‍ സിംഗിനെ മാത്രമല്ല കൊടുംകൃത്യത്തിനു വാടകക്കൊലയാളിയെ അയച്ചതിനു കുറ്റാരോപിതരായ ജന്മികള്‍ ജീവന്‍സിംഗിനെയും ധര്‍മേന്ദ്രസിംഗിനെയും ബേബിച്ചന്‍ ഇന്‍ഡോര്‍ യാത്രകളില്‍ കണ്ടുയെന്നതും ശ്രദ്ധേയമാണ്. ഒടുവില്‍ താന്‍ അടുത്തറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ ബേബിച്ചന്‍ നാല് പുസ്തകങ്ങളായി തന്നെ പുറത്തിറക്കുകയായിരിന്നു. പുല്ലുവഴിയില്‍നിന്നു പുണ്യവഴിയിലേക്ക്, ഇന്‍ഡോര്‍ റാണി, ദൈവദാസി സിസ്റ്റര്‍ റാണി മരിയ, ഉദയനഗറിലെ സുകൃതതാരകം എന്നിവയാണ് ബേബിച്ചന്‍ എഴുതിയ പുസ്തകങ്ങള്‍. റാണി മരിയയുടെ ചിത്രം ഉള്‍പ്പെടുത്തി കലണ്ടറുകള്‍ അച്ചടിച്ചു പുല്ലുവഴി ഇടവകയ്ക്കുള്ള സമ്മാനമായി എല്ലാ ഭവനങ്ങളിലും എത്തിക്കാനും അദ്ദേഹം പ്രത്യേക താത്പര്യം എടുത്തുയെന്നത് മറ്റൊരു വസ്തുതയാണ്. ഇതിനിടെ വിവിധ പ്രസിദ്ധീകരണങ്ങളിലായി 37 ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. റാണി മരിയയുടെ ജീവിതം ഇതിവൃത്തമായ വിവിധ ചാനല്‍ ഡോക്യുമെന്ററികള്‍ക്കു തിരക്കഥയായതും ബേബിച്ചന്റെ രചനകളാണ്. സിസ്റ്റര്‍ റാണി മരിയയുടെ ഘാതകന്‍ സമുന്ദര്‍ സിംഗ് പുല്ലുവഴിയിലെ വട്ടാലില്‍ വീട്ടില്‍ റാണിമരിയയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സന്ദര്‍ശിച്ചു ക്ഷമാപണം നടത്തിയ വേളയിലും ബേബിച്ചന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇന്നും പുല്ലുവഴിയിലെ റാണി മരിയയുടെ വീടുമായി ബേബിച്ചന്‍ തന്റെ ആത്മീയ ബന്ധം തുടരുന്നു. നവംബര്‍ നാലിന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് റാണി മരിയയുടെ അഞ്ചു സഹോദരങ്ങള്‍ക്കൊപ്പം ബേബിച്ചനും ഇന്‍ഡോറിലേക്ക് ഇന്നു യാത്ര പുറപ്പെടും. റാണി മരിയയുടെ സുകൃതങ്ങളെ ഏവരിലും എത്തിക്കാന്‍ 2015ല്‍ സ്ഥാപിതമായ റാണി മരിയ ഫൗണ്ടേഷന്റെ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-31 09:50:00
Keywordsസിസ്റ്റര്‍ റാണി മരിയ
Created Date2017-10-31 09:57:39