Content | ഇരിങ്ങാലക്കുട: റൂബി ജൂബിലി വര്‍ഷത്തില്‍ രൂപതയിലെ വിശ്വാസി സമൂഹം നടത്തുന്ന കൊടുങ്ങല്ലൂര്‍ മഹാതീര്‍ത്ഥാടനം നവംബര്‍ 19 ന് നടക്കും. ഇരിങ്ങാലക്കുട രൂപത നിലവില്‍വന്ന് 40 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലുള്ള ഈ വിശ്വാസ പ്രഖ്യാപന പദയാത്രയില്‍ ഹൊസൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനാവുന്ന മോണ്‍. ജോബി പൊഴോലിപ്പറമ്പിലും പദയാത്രയില്‍ പങ്കെടുക്കും. മാര്‍ തോമാ ശ്ലീഹായുടെ 1965ാമത് ഭാരതപ്രവേശന തിരുനാളിനോടനുബന്ധിച്ചുള്ള തീര്‍ത്ഥയാത്രയാണിത്.
ഇരിങ്ങാലക്കുട കത്തീഡ്രല്‍ അങ്കണത്തില്‍നിന്നു രാവിലെ 6.30 നു ആരംഭിക്കുന്ന പദയാത്ര 10.45 ന് കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് സാന്തോം സ്‌ക്വയറില്‍ എത്തിയശേഷം നടക്കുന്ന ദിവ്യബലിയില്‍ ഫാ. ടോം ഉഴുന്നാലില്‍ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്യുമെന്ന് ജനറല്‍ കണ്‍വീനര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ അറിയിച്ചു.
റൂബി ജൂബിലി വര്‍ഷത്തിന്റെ വിവിധ പരിപാടികള്‍ രൂപതയിലെങ്ങും നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണു തീര്‍ത്ഥയാത്രയെന്നതും ഈ വര്‍ഷത്തെ കൊടുങ്ങല്ലൂര്‍ മാര്‍ തോമാ തീര്‍ഥാടനത്തെ മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു.
ഓരോ കുടുംബ യൂണിറ്റില്‍നിന്നും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ അല്ലെങ്കില്‍ ആരെങ്കിലും മൂന്നു പേര്‍, ഇടവക കൈക്കാരന്മാര്‍, ഇടവക ഏകോപന സമിതി അംഗങ്ങള്‍, ഏകോപന സമിതി ഇല്ലെങ്കില്‍ ഓരോ സംഘടനകളുടെയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍, ഇടവകയിലെ മുഴുവന്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍, യുവജന സംഘടനാ ഭാരവാഹികള്‍, റൂബി ജൂബിലി വര്‍ഷ കമ്മിറ്റി അംഗങ്ങള്‍, വൈദീകര്‍, സന്യസ്തര്‍, വൈദിക സന്യസ്ത പരിശീലനത്തിലുള്ളവര്‍ എന്നിവരാണു തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുക.
|