Content | കൊച്ചി: അപരന്റെ വേദന കാണാനുള്ള കണ്ണുകളും കേള്‍ക്കാനുള്ള കാതുകളും ഉണ്ടാകുമ്പോഴാണു ജീവിതം ധന്യമാകുന്നതെന്നു ഡോണ്‍ ബോസ്‌കോ സ്ഥാപനങ്ങളുടെ ആഗോള തലവനും റെക്ടര്‍ മേജറുമായ ഫാ. ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം. കഴിഞ്ഞ 60 വര്‍ഷമായി കേരളത്തില്‍ സലേഷ്യന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി കൊണ്ടുപോകുന്നതില്‍ സഹകരിക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വടുതല ഡോണ്‍ബോസ്‌കോ വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോണ്‍ ബോസ്‌കോ ബംഗളൂരു പ്രൊവിന്‍ഷ്യല്‍ ഫാ. ജോയ്‌സ് തോണിക്കുഴിയില്‍ അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വജ്രജൂബിലി ഭവന നിര്‍മാണ സഹായ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സലേഷ്യന്‍ സഭയുടെ ഏഷ്യന്‍ മേഖല കൗണ്‍സിലര്‍ ഫാ. മരിയ ആരോഗ്യം കനക ഓഡിയോ സിഡി പ്രകാശനം ചെയ്തു.
കെ.വി. തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവരും പങ്കെടുത്തു. വടുതല ഡോണ്‍ ബോസ്‌കോ റെക്ടര്‍ ഫാ.പോള്‍സണ്‍ കന്നപ്പിള്ളി സ്വാഗതവും ഡോണ്‍ ബോസ്‌കോ ബംഗളൂരു വൈസ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് കോയിക്കല്‍ നന്ദിയും പറഞ്ഞു.
|