Content | അമേരിക്കയിൽ ബൈബിൾ മ്യൂസിയം ഒരുങ്ങുന്നു
വാഷിംഗ്ടൺ: അമേരിക്കയിലെ ചരിത്ര പ്രാധാന്യമേറിയ ബൈബിൾ മ്യൂസിയം രണ്ടാഴ്ചക്കുള്ളിൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും. എട്ടു നിലകളിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള വിശുദ്ധ ഗ്രന്ഥങ്ങളും പ്രദർശനത്തിലുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എഴുപത്തിരണ്ട് മണിക്കൂറുകൾ നീണ്ടു നില്ക്കുന്ന ആശയങ്ങളാണ് സന്ദർശകർക്കായി മ്യൂസിയത്തിലൂടെ ലഭ്യമാക്കുക. ബൈബിൾ അധിഷ്ഠിതമായ കഥകളിലൂടെയും കളികളിലൂടെയും കുട്ടികളിൽ ക്രിസ്തീയ മൂല്യങ്ങൾ വളർത്താൻ മ്യൂസിയത്തിലെ ഒരു നില മാറ്റിവച്ചിട്ടുണ്ട് .
മ്യൂസിയം സന്ദർശിക്കാൻ അവസരം ലഭിച്ച വിദേശകാര്യ മന്ത്രി സിപ്പി ഹോട്ടോവ്ലി തന്റെ അനുഭവം പങ്കുവെച്ചു.
സൃഷ്ടി മുതൽ നിലനില്ക്കുന്ന ക്രൈസ്തവ പാരമ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും മ്യൂസിയത്തിൽ ഊന്നൽ നൽകിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥത്തിലെ പുസ്തകങ്ങളെ കൂടാതെ മനുഷ്യവംശത്തിന് നൽകിയ സ്വാതന്ത്ര്യവും സമത്വവും പഴയ നിയമ സംഭവങ്ങളും വ്യക്തമാക്കുന്ന ആവിഷ്കാരങ്ങളാണ് മ്യൂസിയത്തിലേതെന്നു ഹോട്ടോവ്ലി അഭിപ്രായപ്പെട്ടു.
ഹീബ്രൂ ലിപികളിലെ നിർദേശങ്ങളും ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ഭക്ഷണം ലഭ്യമാക്കുന്ന ഭക്ഷണശാലകളും മ്യൂസിയത്തെ മികവുറ്റതാക്കി. ഇസ്രായേൽ തലസ്ഥാനവും ബൈബിൾ കേന്ദ്രവുമായ ജറുസലേമിലും സമാന മ്യൂസിയം സജ്ജമാക്കണമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചു.
|