Content | ഓരോരുത്തരുടെയും ആത്മീയജീവിതം എന്നത് വലിയ യുദ്ധമാണ്. ദൈവത്തിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് സാത്താനും അവന്റെ അനുയായികള്‍ക്കെതിരെയുള്ള വലിയൊരു യുദ്ധം. പരീക്ഷണങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും അവന്‍ നമ്മുടെ വീഴ്ചയ്ക്കായി നിത്യേനയെന്നോണം ശ്രമം നടത്തുന്നു. സാധാരണഗതിയില്‍ സാത്താന്റെ പ്രവര്‍ത്തികള്‍ നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ കഴിയാത്തവിധം അദൃശമായതിനാല്‍ നമ്മള്‍ അതൊന്നും അറിയുന്നില്ല.
സാത്താനെയും അവന്റെ കിങ്കരന്‍മാരെക്കുറിച്ചും വിശുദ്ധ ലിഖിതങ്ങള്‍ക്ക് ധാരാളം പറയുവാനുണ്ട്. നൂറ്റാണ്ടുകളായുള്ള അനുഭവസമ്പത്തിലൂടെ സാത്താനെക്കുറിച്ചും അവന്റെ പദ്ധതികളെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ തിരുസഭയ്ക്കും സാധിച്ചിട്ടുണ്ട്. സാത്താനെക്കുറിച്ച് നമ്മളില്‍ പലര്‍ക്കുമറിയാത്ത ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. സാത്താന്റെ നിഗൂഢമായ പ്രവര്‍ത്തികള്‍ മനസ്സിലാക്കുവാനും, അതിനെതിരെ വിശ്വാസത്തിന്റെ ആയുധം ധരിക്കുവാനും ഈ അറിവ് നമ്മളെ തീര്‍ച്ചയായും സഹായിക്കും.
1) #{red->none->b->ഇരുട്ടിന്റെ ലോകത്തേക്ക് പതിക്കുന്നതിനു മുന്‍പ് സാത്താന്‍ എന്തായിരുന്നു ? }#
പിശാച് ആദ്യം ദൈവസൃഷ്ടിയായ ഒരു നല്ല മാലാഖയായിരുന്നുവെന്നാണ് സഭാപ്രബോധനം. പിശാചും മറ്റ് ദുർഭൂതങ്ങളും പ്രകൃത്യാ നല്ലവരായി ദൈവത്താൽ സൃഷ്ട്ടിക്കപ്പെട്ടവരായിരുന്നു. ഈ മാലാഖമാരുടെ പാപത്തെക്കുറിച്ചു വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നുണ്ട്. "പാപം ചെയ്ത ദൂതന്‍മാരെ ദൈവം വെറുതേവിട്ടില്ല. വിധിദിനംവരെ സൂക്ഷിക്കുന്നതിനായി അവരെ അവിടുന്ന് നരകത്തിലെ ഇരുള്‍ക്കുഴികളിലേക്കു തള്ളിവിട്ടു" (2 പത്രോ 2:4). മൗലികമായും തിരിച്ചെടുക്കാനാവാത്ത വിധത്തിലും ദൈവത്തെയും അവിടുത്തെ ഭരണത്തെയും നിരാകരിച്ച സൃഷ്ടികളായ അരൂപികളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിലാണ് മാലാഖമാരുടെ പതനം അടങ്ങിയിരിക്കുന്നത്.
"ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ കുറവല്ല, പ്രത്യുത മാലാഖമാരുടെ തീരുമാനത്തിന്റെ തിരുത്താനാകാത്ത സ്വഭാവമാണ് അവരുടെ പാപത്തെ അക്ഷന്തവ്യമാക്കുന്നത്. മരണശേഷം മനുഷ്യർക്ക് മനസ്താപം സാധ്യമല്ലാത്തതുപോലെ മാലാഖമാർക്ക് അവരുടെ പതനശേഷം മനസ്താപം സാധ്യമല്ല" (കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം 393).
2) #{red->none->b-> സാത്താന് (പിശാചിന്) ഭാവി പ്രവചിക്കുവാനുള്ള കഴിവുണ്ടോ ? }#
കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ച് "സാത്താന്റെ കഴിവുകള്‍ അനന്തമല്ല. അവന്‍ ഒരു സൃഷ്ടിമാത്രമാണ്. ആത്മാവ് എന്നതിന്റെ അടിസ്ഥാനത്തിലുള്ള ശക്തി മാത്രമാണ് അവനുള്ളത്, അതില്‍ കവിഞ്ഞൊരു ശക്തിയും അവനില്ല. സാത്താന്‍ ഒരു സൃഷ്ടി മാത്രമാണ്" (CCC 395). അപ്പോള്‍ മുകളിലെ ചോദ്യത്തിനുള്ള ഒറ്റ ഉത്തരം "ഇല്ല" എന്ന് മാത്രമാണ്. പാതാളത്തില്‍ പതിച്ച മാലാഖമാര്‍ക്കും, നല്ല മാലാഖമാര്‍ക്കും ദൈവം വെളിപ്പെടുത്തി കൊടുത്താലല്ലാതെ ഭാവി പ്രവചിക്കുവാനുള്ള കഴിവില്ലായെന്ന്‍ വ്യക്തം. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലൂടെ യേശു പറയുന്നത് പോലെ "എന്നാല്‍ ആദിവസത്തെക്കുറിച്ചോ, ആ മണിക്കൂറിനെ കുറിച്ചോ, പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ" (മര്‍ക്കോസ് 13:32) എന്നു വ്യക്തമാക്കുന്നു.
എന്നാല്‍ തങ്ങളുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയെക്കുറിച്ച് മുന്‍കൂട്ടി പ്രവചിക്കുവാനുള്ള കഴിവ് അവര്‍ക്കുണ്ട്. പിശാചുക്കള്‍ സാധാരണ ഗതിയില്‍ ബുദ്ധിയുള്ളവരും, മനുഷ്യരേയും സംഭവങ്ങളേയും നല്ലപോലെ നിരീക്ഷിക്കുവാന്‍ കഴിവുള്ളവരുമാണ്. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള ഒരു ബോധ്യം രൂപീകരിക്കുവാനുള്ള കഴിവ് അവര്‍ക്കുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ പരിമിതമായ കൃത്യതയോടെ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ച് പ്രവചിക്കുവാനുള്ള കഴിവ് അവര്‍ക്കുണ്ട്. മറഞ്ഞിരിക്കുന്നതിനെ കണ്ടുപിടിക്കുവാനുള്ള കഴിവ് അവര്‍ക്കില്ലെങ്കിലും ബുദ്ധിമാന്‍മാരായ മനുഷ്യരെപ്പോലെ നിരീക്ഷിക്കുവാനും പ്രവചിക്കുവാനുമുള്ള കഴിവ് അവര്‍ക്കുണ്ട്.
3) #{red->none->b-> സാത്താന് ഭൗതീകവസ്തുക്കളെ ചലിപ്പിക്കുവാന്‍ സാധിക്കുമോ? }#
മാലാഖമാരായ സൃഷ്ടികള്‍ വളരെയേറെ ശക്തിയുള്ളവരാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭൗതീകവസ്തുക്കളെ ചലിപ്പിക്കുവാന്‍ അവര്‍ക്ക് പരിമിതികളുണ്ട്. സാധാരണയായി മായാകാഴ്ചകളും, തന്ത്രങ്ങളും വഴി നമ്മുടെ മനസ്സുകളെ ദോഷകരമായി സ്വാധീനിക്കുവാനാണ് വീണുപോയ മാലാഖാമാർക്ക് കഴിയുക. ഇത്തരം മായാകാഴ്ചകള്‍ വഴി ഒരു വസ്തു ചലിക്കുന്നതായ തോന്നല്‍ നമ്മുടെ ഉള്ളില്‍ ഉളവാക്കുവാന്‍ സാത്താന് കഴിയും. വാസ്തവത്തില്‍ ആ വസ്തു ചലിക്കുന്നുണ്ടാവില്ല. അതായത് നമ്മുടെ ബോധ്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്നു. ചില അവസരങ്ങളില്‍ പ്രേത സിനിമകളില്‍ കാണുന്നപോലെ വസ്തുക്കളെ മുറിയിലൂടെ പറപ്പിക്കുന്നതിനു സാത്താന് കഴിയും. എന്നാല്‍ വളരെ വിരളമായേ അങ്ങനെ സംഭവിക്കാറുള്ളൂ. ഇത് എപ്രകാരം കഴിയുന്നുവെന്ന് വിശുദ്ധ തോമസ് അക്വിനാസ് 'സുമ്മാ' എന്ന തന്റെ ദൈവശാസ്ത്ര കൃതിയില്‍ വിവരിച്ചിട്ടുണ്ട്.
4) #{red->none->b->സാത്താന്‍ കാഴ്ചയില്‍ എങ്ങനെയിരിക്കും ? }#
സാത്താനെ ചിത്രീകരിക്കുവാന്‍ കലാകാരന്മാര്‍ നിരവധി പ്രതിരൂപങ്ങള്‍ സ്വീകരിക്കാറുണ്ട്. വ്യാളി, സര്‍പ്പം, മിഥ്യകളില്‍ കാണപ്പെടുന്ന തരത്തിലുള്ള ജീവികള്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങള്‍ മാത്രം. വാസ്തവത്തില്‍ സാത്താന്‍ ദൃശ്യമായ ഒരു രൂപമില്ലാത്തവനാണ്. ലിഖിതങ്ങളിലും വാര്‍ത്തകളിലും കഥകളിലും കാണുന്ന രൂപങ്ങള്‍ വെറും ഭാവന മാത്രമാണ്. നമ്മുടെ കണ്ണുകള്‍ക്ക് കാണുവാന്‍ കഴിയുന്ന തരത്തില്‍ അവര്‍ ധരിക്കുന്ന ഒരു മുഖം മൂടി മാത്രമാണ് അവയെല്ലാം. അല്ലാത്തപക്ഷം അവര്‍ അദൃശരായ സൃഷ്ടികള്‍ മാത്രമാണ്.
5) #{red->none->b-> മനുഷ്യരെ നരകത്തിലേക്കയക്കുവാന്‍ സാത്താന് കഴിയുമോ ? }#
ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയുടെ മതബോധനത്തില്‍ കൃത്യമായ വിവരണമുണ്ട്. "മനസ്തപിച്ചു ദൈവത്തിന്റെ കരുണാർദ്ര സ്നേഹം സ്വീകരിക്കാതെ മാരകപാപത്തിൽ മരിക്കുക എന്നതിന്റെ അർത്ഥം നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേക്കുമായി ദൈവത്തിൽ നിന്ന് വേർപെട്ട് നിൽക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടുമുള്ള സംസർഗത്തിൽ നിന്നും സുനിശ്ചിതമായി നമ്മെത്തന്നെ വേർപെടുത്തി നിർത്തുന്ന അവസ്ഥയെ 'നരകം' എന്നു വിളിക്കുന്നു" (CCC 1033). ലളിതമായി പറഞ്ഞാല്‍ സാത്താന് ആളുകളെ നരകത്തിലേക്കയക്കുവാന്‍ സാധിക്കുകയില്ല.
സ്വാതന്ത്ര്യത്തോടു കൂടി നമ്മള്‍ സ്വയം നടത്തുന്ന തിരഞ്ഞെടുപ്പ് വഴി ദൈവത്തെ നിഷേധിച്ചുകൊണ്ട് നമ്മളാണ് നരകത്തില്‍ പോകുവാന്‍ തീരുമാനിക്കുന്നത്. അതായത് നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് സാരം. പക്ഷേ, ഭൂമിയിലെ നമ്മുടെ ജീവിതകാലത്ത് സാത്താന് നമ്മളെ സ്വാധീനിക്കുവാന്‍ കഴിയുമെന്നത് വാസ്തവമാണ്. എങ്കിലും നമ്മുടെ ജീവിതവസാനകാലത്ത് തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്യം നമുക്കുണ്ട്.
#{blue->none->b->കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ സാത്താനെ ഭയപ്പെടേണ്ടതില്ല. യേശുവിന്റെ അത്ഭുതനാമത്തിന്റെ മുൻപിൽ സാത്താൻ ഭയന്നുവിറയ്ക്കുന്നു. യേശുവിന്റെ പുനരുത്ഥാനം രക്ഷകനായ ദൈവത്തിന്റെ നാമം മഹത്തീകരിക്കുന്നു; കാരണം അപ്പോൾ മുതൽ "എല്ലാ നാമങ്ങൾക്കും ഉപരിയായ നാമത്തിന്റ" പരമ ശക്തിയെ അതിന്റെ പൂർണതയിൽ പ്രകടിപ്പിക്കുന്നത് യേശുവിന്റെ നാമമാണ്. ദുഷ്ടാരൂപികൾ അവിടുത്തെ നാമം ഭയപ്പെടുന്നു. യേശുവിന്റെ നാമത്തിൽ അവിടുത്തെ ശിഷ്യന്മാർ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. എന്തെന്നാൽ അവിടുത്തെ നാമത്തിൽ അവർ ചോദിക്കുന്നത് എന്തും പിതാവ് അവർക്ക് നൽകുന്നു. }# |