Content | വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ സിഗരറ്റ് ഉൾപ്പെടയുള്ള പുകയില ഉത്പന്നങ്ങൾ നിരോധിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ്. 2018 മുതൽ നിയമം പ്രാബല്യത്തിൽ വരും. വത്തിക്കാനിലെ ജോലിക്കാർക്കും സിഗരറ്റ് നിരോധനം ബാധകമാണെന്ന് വത്തിക്കാൻ വക്താവ് ഗ്രെഗ് ബർക്ക് പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായതൊന്നും പരിശുദ്ധ സിംഹാസനത്തിന് പ്രോത്സാഹിപ്പിക്കാനാകില്ലായെന്നും ജീവനെ ബാധിക്കുന്ന പുകയില ഉത്പന്നങ്ങളുടെ വില്പന വഴി ലഭിക്കുന്ന ലാഭം വത്തിക്കാന് ആവശ്യമില്ലെന്നും ബർക്ക് വ്യക്തമാക്കി.
ജീവനെ സംരക്ഷിക്കാനാണ് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നതെന്നും ഏതു വസ്തുക്കളുടെയും അമിത ഉപയോഗം തിന്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുകവലി നിയമവിധേയമായിരുന്ന വത്തിക്കാനിൽ 2002 മുതലാണ് പെതു സ്ഥലങ്ങളിലെ സിഗരറ്റ് ഉപയോഗം നിരോധിച്ചത്. എന്നാൽ പുകയില വില്പന വത്തിക്കാൻ സ്റ്റോറുകളിൽ ലഭ്യമായിരിന്നു. ഇത് നിരോധിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ആഗോള തലത്തിൽ ഓരോ വർഷവും ഏഴു മില്ല്യണോളം ആളുകളാണ് പുകവലി മൂലം മരണമടയുന്നത്. |