Content | കറാച്ചി: കുഷ്ട്ടരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചു 'പാക്കിസ്ഥാന്റെ മദർ തെരേസ' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന സിസ്റ്റര്‍ ഡോ. റൂത്ത് ഫൗയുടെ സ്മരണാർത്ഥം നാണയങ്ങൾ പുറത്തിറക്കുന്നു. പ്രധാനമന്ത്രി ഷാഹിദ് ഖക്വാന്‍ അബ്ബാസിയുടെ നേതൃത്വത്തില്‍ നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിസ്റ്റര്‍ റൂത്ത് ഫൗയുടെ നിസ്വാർത്ഥ സേവനത്തിന് രാഷ്ട്രം കടപ്പെട്ടിരിക്കുന്നുവെന്ന് അബ്ബാസി പറഞ്ഞു.
രാജ്യത്തെ കുഷ്ഠരോഗ നിർമ്മാർജ്ജനത്തിനായി ആജീവനാന്തം സേവനമനുഷ്ഠിച്ചതിന്റെ ബഹുമാനാർത്ഥമാണ് നാണയങ്ങൾ പുറത്തിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പത് രൂപയുടെ അമ്പതിനായിരം നാണയങ്ങളാണ് സിസ്റ്റര്‍ റൂത്തിന്റെ ചിത്രങ്ങളോടെ പുറത്തിറക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സെന്‍ട്രൽ ബാങ്ക് ഓഫ് പാക്കിസ്ഥാനാണ് നാണയം പുറത്തിറക്കുക. ജർമ്മനിയിൽ ജനിച്ച് കത്തോലിക്ക വിമലഹൃദയ പുത്രിമാരുടെ സഭാംഗമായിരുന്ന സിസ്റ്റര്‍ റൂത്ത് തന്റെ ഇരുപത്തിയൊൻപതാം വയസ്സിലാണ് പാക്കിസ്ഥാനിൽ എത്തിച്ചേർന്നത്.
1962ൽ സിസ്റ്ററിന്റെ നേതൃത്വത്തിൽ കറാച്ചിയിൽ മാരി അഡലെയ്ഡ് ലെപ്രോസി സെന്റർ സ്ഥാപിതമായി. പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും പ്രവർത്തനമാരംഭിച്ച് അന്‍പതിനായിരത്തിലധികം കുടുംബങ്ങൾക്കു ചികിത്സയും സാന്ത്വനവും നല്കുവാന്‍ സിസ്റ്ററിന്റെ നിരന്തര പരിശ്രമം ഫലം കണ്ടു. ഇക്കഴിഞ്ഞ ആഗസ്റ്റ് പത്തിന് തന്റെ എൺപത്തിയേഴാം വയസ്സിലാണ് സിസ്റ്റര്‍ മരണമടഞ്ഞത്. ഔദ്യോഗിക ബഹുമതികളോടെയാണ് സിസ്റ്റര്‍ റൂത്തിന്റെ മൃതസംസ്കാര ശുശ്രൂഷകൾ പാക്കിസ്ഥാന്‍ നടത്തിയത്.
|