Content | വത്തിക്കാന്‍ സിറ്റി: പരിസ്ഥിതി മലിനീകരണം പരിഹരിക്കുന്നതിന് ആഗോളവീക്ഷണവും അന്താരാഷ്ട്രസഹകരണവും പങ്കാളിത്തമുള്ള തന്ത്രങ്ങളും അനിവാര്യമെന്ന് ഫ്രാന്‍സിസ് പാപ്പ. ഫിജിദ്വീപിന്‍റെ തലസ്ഥാനമായ സുവ നഗരം ആസ്ഥാനമായ “പസഫിക് ഐലന്‍റ്സ് ഫോറം സെക്രട്ടറിയേറ്റിന്‍റെ” 46 പ്രതിനിധികളെ ശനിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. മാനവകുലം ഇന്നനുഭവിക്കുന്ന സാമൂഹ്യ അധപതനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് പരിസ്ഥിതി നാശം, സമുദ്രമലിനീകരണം എന്നീ പ്രശ്നങ്ങളെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.
സമുദ്രജലനിരപ്പ് ഉയരുന്നതും ശൈലസേതുക്കള്‍ നശിക്കുന്നതും അതീവ ആശങ്കയുളവാക്കുന്ന പ്രശ്നങ്ങളാണ്. പ്രകൃതിവിഭവങ്ങളും മാനുഷികവിഭവങ്ങളും കൊള്ളയടിക്കുന്നതായ ദീര്‍ഘ വീക്ഷണമില്ലായ്മയോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് ഈ പ്രശ്നങ്ങള്‍ക്കുള്ള കാരണങ്ങളില്‍ ചിലത്. വരും തലമുറയ്ക്ക്, വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് എപ്രകാരമുള്ളൊരു ലോകമാണ് നാം കൈമാറാനാഗ്രഹിക്കുന്നത് എന്ന ചോദ്യം പരിസ്ഥിതിയെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും ഈ ചോദ്യം നാം നമ്മോടു തന്നെ ചോദിക്കുമ്പോള്‍ നാം ആദ്യം ചിന്തിക്കുന്നത് അതിന്‍റെ പൊതുവായ ലക്ഷ്യത്തെയും അര്‍ത്ഥത്തെയും മൂല്യങ്ങളെയും കുറിച്ചാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. 1971 ല്‍ സ്ഥാപിക്കപ്പെട്ട പസഫിക് ഐലന്‍റ്സ് ഫോറം സെക്രട്ടറിയേറ്റില്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍റ് അടക്കം 18 രാഷ്ട്രങ്ങള്‍ അംഗങ്ങളായിട്ടുണ്ട്.
|