Content | വത്തിക്കാന്‍ സിറ്റി/ കൊച്ചി: മാര്‍പാപ്പായുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്കാസഭ നവംബര്‍ 19 പാവങ്ങളുടെ ദിനമായി (വേള്‍ഡ് ഡേ ഓഫ് ദ പുവര്‍) ആചരിക്കും. കാരുണ്യവര്‍ഷത്തിന്റെ സമാപനവേളയിലാണു നവംബര്‍ 19 പാവങ്ങളുടെ ദിനമായി പാപ്പ പ്രഖ്യാപിച്ചത്. ക്രിസ്തു കാണിച്ചുതന്നിട്ടുള്ള കരുണയുടെ പ്രവൃത്തികള്‍ക്ക് ലോകത്തുള്ള എല്ലാ ക്രൈസ്തവ സമൂഹങ്ങളും സാക്ഷ്യമാകണമെന്ന അതിയായ ആഗ്രഹമാണ് കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ അവസാനത്തില്‍ 'പാവങ്ങളുടെ ഒരു ആഗോളദിനം' സഭയില്‍ ആരംഭിക്കണമെന്ന ആഗ്രഹം വളര്‍ത്തിയതെന്നു ആഗോളദിനത്തിന് മുന്നൊരുക്കമായി നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ വിവരിച്ചു.
സുവിശേഷസമര്‍പ്പണത്തില്‍ സുതാര്യതയുടെയും സത്യസന്ധതയുടെയും സ്ഥിരീകരണം നമ്മുടെ ഉപവി പ്രവൃത്തികളിലും പങ്കുവയ്ക്കലിലും യഥാര്‍ത്ഥത്തില്‍ നാം കണ്ടെത്തേണ്ടത് പ്രാര്‍ത്ഥന, ശിഷ്യത്വത്തിന്‍റെ ജീവിതശൈലി, മാനസാന്തരം എന്നിവയിലൂടെയാണ്. ജീവിതരീതിയാണ് വ്യക്തിക്ക് സന്തോഷവും സമാധാനവും നല്കുന്നത്, കാരണം പാവങ്ങളില്‍ ക്രിസ്തുവിന്‍റെ ദേഹത്തെയാണ് നാം പരിചരിക്കുന്നത്. നമുക്ക് യഥാര്‍ത്ഥമായ ക്രിസ്ത്വാനുഭവം ലഭിക്കണമെങ്കില്‍, ദിവ്യകാരുണ്യത്തിലെ കൗദാശികമായ കൂട്ടായ്മയുടെ അനുഭവംപോലെ വേദനിക്കുന്ന പാവങ്ങളില്‍ നാം ക്രിസ്തുവിനെ കണ്ടെത്തണം. പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.
ആചരണത്തിന്റെ ഭാഗമായി കേരളസഭയിലും വിവിധ പരിപാടികള്‍ നടക്കും. കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന, മേഖലാ, രൂപതാ, ഇടവകതലങ്ങളില്‍ വിവിധ പരിപാടികള്‍ നടത്തും. പാവങ്ങളുടെ പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് അവരോടൊത്തു ബലിയര്‍പ്പണം, നിര്‍ധനര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പരിപാടികള്‍, നാടോടികള്‍, കോളനിനിവാസികള്‍, വിധവകള്‍ എന്നിവരൊത്തു കൂട്ടായ്മ, അഗതിമന്ദിരങ്ങളിലും പുനരധിവാസകേന്ദ്രങ്ങളിലും സന്ദര്‍ശനം, പരിസരശുചീകരണം എന്നിവയുണ്ടാകും. പ്രോലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ട്രഷറര്‍ ജയിംസ് ആഴ്ചങ്ങാടന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
|