Content | കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനത്തോടനുബന്ധിച്ചു തിരുശേഷിപ്പ് ഇന്ന് ആഘോഷമായി മാതൃഇടവകയായ പുല്ലുവഴി പള്ളിയിലെത്തിക്കും. 19നാണു ഇവിടെ കൃതജ്ഞതാബലിയും പൊതുസമ്മേളനവും നടക്കുക. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ വചനസന്ദേശം നല്‍കും. അഞ്ചിനു നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുല്ലുവഴി പള്ളിയെ അതിരൂപതയിലെ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ അധ്യക്ഷത വഹിക്കും.
യാക്കോബായ സഭ ശ്രേഷ്ഠമെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹപ്രഭാഷണവും സാമൂഹ്യപ്രവര്‍ത്തക ദയാഭായി മുഖ്യപ്രഭാഷണവും നടത്തും. സ്നേഹഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു ജസ്റ്റീസ് കുര്യന് ജോസഫ് സന്ദേശം നല്‍കും. മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പുസ്തകത്തിന്റെയും ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തപാല്‍ സ്റ്റാമ്പ്, കവര്‍ എന്നിവയുടെയും പ്രകാശനം നിര്‍വഹിക്കും.
എഫ്സിസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി അനുസ്മരണ പ്രഭാഷണം നടത്തും. ഇന്നസെന്റ് എംപി, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, വികാരി ഫാ. ജോസ് പാറപ്പുറം, ജനറല്‍ കണ്‍വീനര്‍ ജോസ് കാവനമാലില്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്. 18നു വൈകുന്നേരം അഞ്ചിനു ദിവ്യബലിയെത്തുടര്‍ന്നു ബൈബിള്‍ കണ്വന്ഷന് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കും. ആഘോഷപരിപാടികൾക്ക് ഒരുക്കങ്ങൾ പൂർത്തിയായെന്നു പുല്ലുവഴി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് പാറപ്പുറം പത്രസമ്മേളനത്തിൽ പറഞ്ഞു. |