Content | ഹനോയ്: ദൈവവചനം പഠിക്കുവാൻ മുന്നോട്ട് വരുന്ന വിയറ്റ്നാമിലെ പുതുതലമുറക്ക് പ്രത്യാശ പകര്‍ന്നുകൊണ്ട് ബാവോ എന്ന യുവാവ് ഒരു ലക്ഷത്തിലധികം ബൈബിൾ വിതരണം ചെയ്തു. പതിനാല് വർഷങ്ങൾക്ക് മുൻപ് തന്റെ ഹൈസ്ക്കൂൾ കാലയളവിൽ വിശ്വാസത്തിലേക്ക് കടന്നു വന്ന അദ്ദേഹം ഓപ്പൺ ഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയോട് ചേർന്നാണ് കുട്ടികളുടെ ബൈബിള്‍ വിതരണം ചെയ്തത്. ജീവൻ പണയം വെച്ചാണ് കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമില്‍ ബൈബിള്‍ വിതരണം ചെയ്തതെന്ന്‍ ബാവോ വെളിപ്പെടുത്തി.
ബാല്യകാലത്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ബാവോ പിന്നീട് മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയായിരിന്നു. തന്റെ അനുഭവസാക്ഷ്യം ബാവോ വിവരിച്ചത് ഇങ്ങനെയാണ്, കൗമാര പ്രായത്തിൽ നിരാശയിൽ അധ:പതിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു. ജീവിതം അർത്ഥശൂന്യമാണ് എന്ന ചിന്തയും താൻ ഒന്നുമല്ല എന്ന മനോഭാവവും ആത്മഹത്യയ്ക്ക് പ്രേരണയായി.
ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച തന്നെ ഒരു ക്രിസ്ത്യൻ സുഹൃത്ത് ദേവാലയത്തിലേക്ക് ആനയിക്കുകയായിരിന്നു. ദൈവസാന്നിധ്യമനുഭവിക്കുന്നതിന്റെ ആനന്ദം മനസ്സിലാക്കിയ താന്‍ തന്റെ ജീവിതത്തിലും ദൈവിക ഇടപെടലിനായി കാത്തിരുന്നു. അധികം വൈകാതെ ആരാധനയിൽ പങ്കെടുത്ത തന്റെ മേൽ പരിശുദ്ധാത്മ അഭിഷേകത്തിലൂടെ ദൈവം സ്പർശിക്കുകയായിരിന്നു. ഇതാണ് സുവിശേഷ പ്രഘോഷണത്തിന് തയാറായുള്ള തന്റെ വിളിക്ക് പിന്നിലുള്ള കാരണമെന്ന് ബാവോ പറയുന്നു.
രണ്ട് വര്‍ഷംകൊണ്ടാണ് വിയറ്റ്നാമില്‍ ഒരു ലക്ഷം ബൈബിള്‍ വിതരണം ചെയ്യുവാന്‍ ബാവോക്ക് സാധിച്ചത്. ഹോ ചി മിന്‍ സിറ്റി സ്വദേശിയായ അദ്ദേഹം രണ്ട് മക്കളുടെ പിതാവ് കൂടിയാണ്. രാജ്യത്തു മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടുള്ള നിയമം സര്‍ക്കാര്‍ ശക്തമാക്കാനിരിക്കെ ബാവോയുടെ പ്രേഷിതദൗത്യം അനേകർക്ക് ഊർജ്ജം പകരുമെന്നാണ് ഓപ്പൺ ഡോർസ് സംഘടനയുടെ പ്രതീക്ഷ.
|