Content | വത്തിക്കാൻ: ഇസ്ലാം ഒഴികെയുള്ള മതങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള സൗദി അറേബ്യായില്‍ മതസ്വാതന്ത്ര്യത്തിന് വഴിയൊരുങ്ങുന്നതായി സൂചന. മാരോണൈറ്റ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹി സല്‍മാന്‍ രാജാവുമായും സൗദിയിലെ ഭരണനിയന്താവും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും അടുത്തിടെയാണ് സന്ദര്‍ശനം നടത്തിയത്. ക്രിസ്ത്യന്‍ ദേവാലയങ്ങളോ പ്രാര്‍ത്ഥനാലയങ്ങളോ ഇല്ലാത്ത സൗദിയില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍ സന്ദര്‍ശനം നടത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ രീതിയിലാണ് അവതരിപ്പിച്ചത്.
സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച മാരോണൈറ്റ് സഭാതലവന്‍ കുരിശ് രൂപം ധരിച്ചാണ് രാജ്യത്തു എത്തിയതെന്നും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ഇരുപത്തി രണ്ടാം തീയതി സൗദി അറേബ്യയിലെ ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്‍റെ ഉപദേശകനായ അബ്ദുള്ള ബിൻ ഫഹദ് അല്ലായ്ദൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കുടിക്കാഴ്ച്ച നടത്തിയത്. സന്ദര്‍ശനത്തില്‍ അദ്ദേഹം പാപ്പയോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിച്ചു.
ബുധനാഴ്ച തോറുമുള്ള പാപ്പയുടെ പൊതുകൂടിക്കാഴ്ചയ്ക്കു മുന്‍പാണ് സ്ത്രീകളടക്കം പതിനഞ്ചോളം പേരുടെ സൗദി സംഘം ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചത്. ഫ്രാൻസിസ് പാപ്പയുടെ നേതൃത്വം ആദരവുള്ളതും അഭിമാനവുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇറ്റാലിയൻ ഭാഷയിൽ സംസാരിച്ച മാർപാപ്പയ്ക്കായി ഈജിപ്ഷ്യൻ സെക്രട്ടറിയും കോപ്റ്റിക്ക് വൈദികനുമായ മോൺ.യോനിസ് ലാഹ്സിയാണ് അറബിക് തർജ്ജമ നടത്തിയത്. മാർപാപ്പയ്ക്ക് മുസ്ലിം ജനതയുടെ തീര്‍ത്ഥാടനകേന്ദ്രമായ മക്കയുടെ ചെറു പതിപ്പ് സൗദി പ്രതിനിധി സമ്മാനിച്ചു.
സമ്മാനപ്പൊതിയിൽ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും വക്താവായ മാർപാപ്പയ്ക്ക് നന്ദി എന്ന് കുറിച്ചിരിന്നു. നന്ദി പ്രകടിപ്പിച്ച പാപ്പ സ്വർണ്ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മൂന്ന് പേപ്പൽ മെഡലുകൾ തിരികെ സമ്മാനിച്ചു. സിറിയൻ സമാധാന പ്രശ്നങ്ങളും ലബനൻ പ്രതിസന്ധിയും ചര്‍ച്ചയായ അഭിമുഖ സംഭാഷണത്തെ അന്താരാഷ്ട്ര ജനത പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിലെ ഏക അറബ് വംശജനായ പാത്രിയാര്‍ക്കീസ് ബേച്ചാരയുടെ സൗദി സന്ദര്‍ശനവും ഇതിന് പിന്നാലേ രാജ്യത്തെ പ്രധാന മന്ത്രാലയത്തിന്റെ ഉപദേശകന്‍റെ വത്തിക്കാന്‍ സന്ദര്‍ശനവും സൗദിയില്‍ മതസ്വാതന്ത്ര്യത്തിന് പുതിയ വഴി തുറക്കന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
|