Content | തലശ്ശേരി: തലശ്ശേരി സന്ദേശഭവന്‍ ഓഡിറ്റോറിയത്തില്‍ അതിരൂപതയുടെ രണ്ടാമത് അസംബ്ലിക്കു തുടക്കമായി. സ്‌നേഹത്തിന്റെ ഉന്നതമായ മുഖം കാരുണ്യമാണെന്നും കാരുണ്യത്തിന്റെ വക്താക്കളായി നാമോരോരുത്തരും മാറണമെന്നും സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. സമ്മേളനത്തില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അധ്യക്ഷനായി.
ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം അനുഗ്രഹഭാഷണം നടത്തി. അസംബ്ലി പ്രതിജ്ഞാ വാചകങ്ങള്‍ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ചൊല്ലിക്കൊടുത്തു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അതിരൂപതായോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, സണ്ണി ജോസഫ് എംഎല്‍എ, നസ്രത്ത് സന്ന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രേസ് മേരി എന്‍എസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട വൈദികരും സന്ന്യസ്തരും അല്‍മായരുമുള്‍ക്കൊള്ളുന്ന 225 പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുത്തത്. |