category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഞ്ഞൂറു വര്‍ഷത്തിനിടയില്‍ ആദ്യമായി സിസ്റ്റൈന്‍ ഗായക സംഘത്തില്‍ വനിതാംഗം
Contentറോം: പ്രസിദ്ധമായ റോമിലെ സിസ്റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തിലേക്ക് വനിതാംഗം. കഴിഞ്ഞ അഞ്ഞൂറു വര്‍ഷമായി പുരുഷന്‍മാര്‍ മാത്രമുണ്ടായിരുന്ന ഗായകസംഘത്തില്‍ പങ്കുചേരാന്‍ ഇറ്റലിയിലെ പ്രശസ്ത ഗായികമാരില്‍ ഒരാളായ സെസില ബാര്‍ട്ടോളിക്കാണ് അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. സിസ്റ്റൈന്‍ ചാപ്പലിലെ ഗായകസംഘത്തില്‍ അംഗമാകുന്ന ആദ്യത്തെ വനിതയാണ് ബാര്‍ട്ടോളി. അവഗണിക്കപ്പെട്ട് കിടക്കുന്ന പുരാതന സംഗീതത്തിന് പുതുജീവന്‍ നല്‍കുന്ന പ്രത്യേക സംഗീത പദ്ധതിയുടെ ഭാഗമായാണ് ബാര്‍ട്ടോളിയെ ദേവാലയ സംഗീത സംഘത്തില്‍ അംഗമാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ നവംബര്‍ 17-ന് രാത്രിയില്‍ ശാസ്ത്രീയ സംഗീതത്തിനനുയോജ്യമായ ശബ്ദത്താല്‍ അനുഗ്രഹീതയായ ബാര്‍ട്ടോളി ആദ്യമായി 20 പുരുഷന്‍മാരും 30 ആണ്‍കുട്ടികളുമടങ്ങുന്ന ഗായകര്‍ക്കൊപ്പം നവോത്ഥാന സംഗീതരചയിതാവായ പെരോട്ടിന്റെ ഗാനം ആലപിച്ചു. അവിശ്വസനീയമായ രീതിയിലാണ് ബാര്‍ട്ടോളി പാടിയതെന്നു സിസ്റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തിലെ മറ്റൊരംഗവും ബ്രിട്ടണ്‍ സ്വദേശിയുമായ മാര്‍ക്ക്‌ സ്പൈറോ പൗലോസ് ഒബ്സര്‍വറിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പതിനഞ്ച്‌ പതിനാറ് നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ടിട്ടുള്ള ഭൂരിഭാഗം ദേവാലയ സംഗീതവും പുരുഷസ്വരത്തിനനുയോജ്യമായ രീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനിപ്പോള്‍ ഏഴാം സ്വര്‍ഗ്ഗത്തിലാണെന്നാണ് ഇറ്റാലിയന്‍ ദിനപത്രമായ കൊറിയറെ ഡെല്ലാക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക്‌ ലഭിച്ച അപൂര്‍വ്വഭാഗ്യത്തെക്കുറിച്ച് ബാര്‍ട്ടോളി പറഞ്ഞത്‌. ‘വെനി ഡൊമിനി; അഡ്‌വെന്റ് ആന്‍ഡ്‌ ക്രിസ്സ്മസ്സ് അറ്റ്‌ ദി സിസ്റ്റൈന്‍ ചാപ്പല്‍’ എന്ന പേരില്‍ ഒക്ടോബര്‍ മാസത്തില്‍ ‘പൊന്തിഫിക്കല്‍ ക്വയര്‍’ ഇറ്റലിയില്‍ പുറത്തിറക്കിയ 16 പാട്ടുകളടങ്ങിയ സി‌ഡിയിലും ബാര്‍ട്ടോളി പാടിയിട്ടുണ്ട്. 2012-ലെ സാല്‍സ്ബര്‍ഗ് വിറ്റ്‌സണ്‍ ഫെസ്റ്റിവലിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്ന ബാര്‍ട്ടോളി ചാപ്പല്‍ ക്വയറില്‍ വനിതകളുടെ അപര്യാപ്തതയുണ്ടെന്നു അഭിപ്രായപ്പെട്ടിരിന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബാര്‍ട്ടോളി പറയുന്നു. ഫ്രാന്‍സിസ്‌ പാപ്പായുടെ സാന്നിധ്യത്തില്‍ പാടുവാനുള്ള ഭാഗ്യം തനിക്ക്‌ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ന്‍ ബാര്‍ട്ടോളി. അഞ്ച് പ്രാവശ്യം പ്രശസ്തമായ ഗ്രാമി അവാര്‍ഡിനു അര്‍ഹയായ ഗായിക കൂടിയാണ് സെസില ബാര്‍ട്ടോളി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-11-28 15:17:00
Keywordsവത്തിക്കാന്‍, വനിത
Created Date2017-11-28 15:17:18