Content | കടൽദുരന്തത്തിൽനിന്നു രക്ഷപ്പെട്ട തൊള്ളായിരം മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ മലയാളിയായ വൈദികനും. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ ദേവഘട്ട് തീരമേഖലയിൽ നങ്കൂരമിട്ട 65 ബോട്ടുകളിലെ തൊള്ളായിരത്തോളം പേർക്കാണ് പാലാ സ്വദേശിയായ മിഷനറി ഫാ. ജോർജ് കാവുകാട്ട് ആശ്വസമൊരുക്കുന്നത്. കടൽക്ഷോഭത്തിനു മുന്പു കടലിലേക്കു പോയ കന്യാകുമാരി, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണു സുരക്ഷിതമായ താവളം തേടി ശനിയാഴ്ച രാത്രി ദേവഘട്ട് തീരത്ത് എത്തിയത്. 52 മലയാളികളാണ് സംഘത്തിലുള്ളത്. മറ്റുള്ളവരും മലയാളം സംസാരിക്കുന്നവരാണ്.
സർക്കാർ വയർലെസ് സംവിധാനത്തിലൂടെ വടക്കൻ മേഖലയിലെ സുരക്ഷിത തീരത്തേക്കു ബോട്ടുകൾ ഓടിച്ചുമാറ്റി രക്ഷപ്പെടാൻ അറിയിപ്പുണ്ടായ സാഹചര്യത്തിലാണു ഇവർ ബോട്ടുകളുമായി മഹാരാഷ്ട്ര തീരത്ത് എത്തിയത്. ഭാഷ പ്രശ്നമായതോടെയാണ് അവിടത്തെ ജില്ലാ ഭരണകൂടവും കോസ്റ്റ് ഗാർഡും ഫാ. ജോർജ് കാവുകാട്ടിനെ വിളിച്ചുവരുത്തിയത്. 30 വർഷമായി മഹാരാഷ്ട്രയിലെ പിന്നോക്ക ഗ്രാമങ്ങളിൽ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
ഏതാനും മലയാളികൾക്കൊപ്പം മത്സ്യത്തൊഴിലാളികൾക്കു മുന്നിൽ എത്തിയ ഫാ. ജോർജ് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി ചികിത്സയും ഭക്ഷണവും സർക്കാർ കേന്ദ്രങ്ങളിൽനിന്ന് എത്തിച്ചു. മുഴുവൻ പേരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. അഞ്ചു കിലോഗ്രാം വീതം അരിയും പച്ചക്കറിയും ഓരോ തൊഴിലാളിക്കും എത്തിച്ചു നല്കിയിട്ടുണ്ട്. തീരത്തു നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകളിൽ തന്നെയാണു തൊഴിലാളികൾ താമസിക്കുന്നതും ഭക്ഷണം തയാറാക്കുന്നതും. ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുകൊടുത്തുകൊണ്ട് ഫാ. കാവുകാട്ടും ബോട്ടിൽ ഇവരോടൊപ്പം താമസിക്കുകയാണ്. |