Content | തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ടു കാണാതായ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, നഷ്ടം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്നു രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തും. രാജ്ഭവന്‍ മാര്‍ച്ചിനു മുന്നോടിയായി ഇന്നു രാവിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ നിന്നു പ്രകടനം ആരംഭിക്കും.
ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര എന്നിവര്‍ പ്രസംഗിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ രക്ഷാപ്രവര്‍ത്തന സംവിധാനമാകെ സ്തംഭിച്ചു നില്‍ക്കുന്നതിലുള്ള പ്രതിഷേധമാണ് സമരത്തിലൂടെ ലത്തീന്‍ സഭ പ്രകടിപ്പിക്കുന്നത്. സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെങ്കില്‍ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും രാപ്പകല്‍ സമരം ഉള്‍പ്പെടെ നടത്താനും കഴിഞ്ഞ ദിവസം തിരുവനന്തപുരം അതിരൂപത ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. |