category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഞായറാഴ്ച ബലിയര്‍പ്പണത്തില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഫ്രാന്‍സിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: കര്‍ത്താവിന്‍റെ സജ്ജീവ സാന്നിധ്യമായ ദിവ്യകാരുണ്യത്തിന്‍റെ ആഘോഷത്താല്‍ പവിത്രീകൃതമായ ദിനമാണ് ഞായറാഴ്ചയെന്നും അന്നത്തെ ദിവസത്തിന് അര്‍ത്ഥം നല്‍കുന്നത് വിശുദ്ധ കുര്‍ബാന അര്‍പ്പണമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ പോള്‍ ആറാമന്‍ ഹാളില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകര്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. ക്രൈസ്തവ ഞായര്‍ വിശുദ്ധ കുര്‍ബാനയുമായി ആഴപ്പെട്ട് നില്‍ക്കുന്നുവെന്നും ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം കര്‍ത്താവുമായുള്ള കൂടിക്കാഴ്ച ഇല്ലാത്തത് എന്തു ഞാറാഴ്ചയാണെന്നും പാപ്പ വിശ്വാസസമൂഹത്തോട് ചോദിച്ചു. വിശുദ്ധ കുര്‍ബാനയെ അധികരിച്ചുള്ള വിചിന്തനം പുനരാരംഭിക്കുന്ന ഇന്ന് നമുക്ക് നമ്മോടു തന്നെ ഇങ്ങനെ ചോദിക്കാം. ഞായറാഴ്ച കുര്‍ബാനയ്ക്ക് പോകുന്നത് എന്തിനാണ്? ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാന അര്‍പ്പണം സഭയുടെ ജീവിതത്തിന്‍റെ ഹൃദയസ്ഥാനത്തുള്ളതാണ്. ഉത്ഥിതനായ കര്‍ത്താവിനെ കാണുന്നതിന് അവിടുത്തെ വചനം കേള്‍ക്കുന്നതിനും, അവിടുത്തെ വിരുന്നിന്‍ മേശയില്‍നിന്ന് പോഷണം സ്വീകരിക്കുന്നതിനും അങ്ങനെ സഭയായി തീരുന്നതിനും, അതായത്, ലോകത്തില്‍ അവിടുത്തെ ജീവനുള്ള മൗതിക ശരീരമായിത്തീരുന്നതിനും ആണ് ക്രൈസ്തവരായ നാം ഞായറാഴ്ച ബലിയര്‍പ്പണത്തിന് പോകുന്നത്. യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് ആദ്യം മുതല്‍ തന്നെ ഈ ബോധ്യം ഉണ്ടായിരുന്നു. യഹൂദാചാരപ്രകാരം ആഴ്ചയുടെ ആദ്യത്തെ ദിനത്തില്‍ ശിഷ്യന്മാര്‍ കര്‍ത്താവുമായുള്ള സമാഗമം ആഘോഷിച്ചു. റോമാക്കാര്‍ ആ ദിനത്തെ വിശേഷിപ്പിച്ചിരുന്നത് “സൂര്യന്‍റെ ദിനം” എന്നായിരുന്നു. കാരണം ആ ദിവസമാണ് യേശു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുകയും അവരുമായി സംസാരിക്കുകയും അവരോടൊപ്പം ഭക്ഷിക്കുകയും അവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്കുകയും ചെയ്തത്. ഇക്കാരണങ്ങളാല്‍ ഞായറാഴ്ച നമ്മെ സംബന്ധിച്ചിടത്തോളം പരിശുദ്ധമാണ്. നമ്മുടെ മദ്ധ്യേ നമുക്കുവേണ്ടിയുമുള്ള കര്‍ത്താവിന്‍റെ സജ്ജീവ സാന്നിധ്യമായ ദിവ്യകാരുണ്യത്തിന്‍റെ ആഘോഷത്താല്‍ പവിത്രീകൃതമായ ഒരു ദിനമാണ് ഞായറാഴ്ച. ആകയാല്‍ വിശുദ്ധ കുര്‍ബാനയാണ് ക്രിസ്തീയ ഞായറാഴ്ചയ്ക്ക് രൂപമേകുന്നത്. ക്രൈസ്തവ ഞായര്‍ വിശുദ്ധ കുര്‍ബാനയുമായി ആഴപ്പെട്ട് നില്‍ക്കുന്നു. ആകയാല്‍ ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം കര്‍ത്താവുമായുള്ള കൂടിക്കാഴ്ച ഇല്ലാത്തത് എന്തു ഞാറാഴ്ചയാണ്? ദൗര്‍ഭാഗ്യവശാല്‍, എല്ലാ ഞായറാഴ്ചകളിലും കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ സാധിക്കാത്ത ക്രൈസ്തവ സമൂഹങ്ങളുണ്ട്. അവരും ആ വിശുദ്ധ ദിനത്തില്‍ ദൈവവചനം ശ്രവിച്ചും ദിവ്യകാരുണ്യത്തിനായുള്ള ദാഹം സജ്ജീവമാക്കി നിറുത്തിയും കര്‍ത്താവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥനയില്‍ ഒന്നുചേരാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ കുര്‍ബാനയാല്‍ പ്രശോഭിതമായ ഞായറാഴ്ചയുടെ ക്രിസ്തീയ പൊരുള്‍ ചില മതേതരസമൂഹങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നുവെന്നത് ഖേദകരമാണ്. ഞായാറാഴ്ച ജോലിയില്‍ നിന്ന് വിട്ടുനില്ക്കുന്ന പതിവ് ആദ്യനൂറ്റാണ്ടുകളില്‍ ഇല്ലായിരുന്നു. യഹൂദര്‍ സാബത്തില്‍ വിശ്രമിച്ചിരുന്നതായി ബൈബിള്‍ പാരമ്പര്യം സാക്ഷിക്കുന്നു. എന്നാല്‍ റോമന്‍ സമൂഹത്തില്‍ ആഴ്ചയില്‍ വിശ്രമദിനം അനുവദിക്കപ്പെട്ടിരുന്നില്ല. 'അടിമകളായിട്ടല്ല മക്കളായി ജീവിക്കുക' എന്ന ദിവ്യകാരുണ്യ പ്രചോദിത ക്രീസ്തീയ വീക്ഷണമാണ് ‍ഞായറാഴ്ചയെ ആഗോളതലത്തില്‍ എന്നോണം, വിശ്രമദിനമാക്കി മാറ്റിയത്. ക്രിസ്തുവിന്‍റെ അഭാവത്തില്‍ നാം അനുദിനജീവിതത്തിന്‍റെ ആശങ്കകളുടെയും നാളത്തെക്കുറിച്ചുള്ള ഭീതിയുടെയും ഭാരത്താല്‍ തളരുന്നു. കര്‍ത്താവുമായുള്ള ഞായറാഴ്ചത്തെ കണ്ടുമുട്ടലാകട്ടെ നമുക്ക് ഇന്ന് വിശ്വാസത്തോടും ധീരതയോടും കൂടി ജീവിക്കാനും പ്രത്യാശയോടെ മുന്നേറാനുമുള്ള ശക്തി പ്രദാനം ചെയ്യുന്നു. അതുകൊണ്ട് ക്രൈസ്തവരായ നമ്മള്‍, ഞായറാഴ്ച ദിവ്യകാരുണ്യാഘോഷത്തില്‍ കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയ്ക്കായി പോകുന്നു. നന്നായിട്ടു ജീവിക്കുകയും അയല്‍ക്കാരനെ സ്നേഹിക്കുകയുമാണ് പ്രദാനം, കുര്‍ബാനയ്ക്ക് പോകേണ്ട, ഞായറാഴ്ച കുര്‍ബാനയ്ക്കു പോലും പോകേണ്ട ആവശ്യമില്ല എന്നു പറയുന്നവര്‍ക്ക് നാമെന്തു മറുപടി കൊടുക്കും? നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും എന്നു യേശു പറഞ്ഞിട്ടുള്ളതും, സ്നേഹിക്കാനുള്ള കഴിവാണ് ക്രിസ്തീയജീവിതത്തിന്‍റെ മേന്മയുടെ അളവുകോല്‍ എന്നതും ശരിയാണ്. എന്നാല്‍ ദിവ്യകാരുണ്യമാകുന്ന അക്ഷയ സ്രോതസ്സില്‍ നിന്ന് ആവശ്യമായ ഊര്‍ജ്ജം സ്വീകരിക്കാതെ സുവിശേഷ പ്രകാരം ജീവിക്കാന്‍ നമുക്ക് എങ്ങനെ സാധിക്കും? നാം വിശുദ്ധ കുര്‍ബാനയ്ക്ക് പോകുന്നത് എന്തെങ്കിലും ദൈവത്തിനു കൊടുക്കാനല്ല, മറിച്ച്, നമുക്കാവശ്യമുള്ളവ അവിടുന്നില്‍ നിന്ന് സ്വീകരിക്കാനാണ്. യേശുവിന്‍റെ കല്പന പാലിക്കുന്നതിനും അവിടത്തെ വിശ്വാസ്യയോഗ്യരായ സാക്ഷികളായിരിക്കുന്നതിനും ഞയാറാഴ്ച ക്കുര്‍ബാനയില്‍ സംബന്ധിക്കേണ്ടത് ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുമായാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-14 12:51:00
Keywordsഫ്രാന്‍സിസ് പാപ്പ
Created Date2017-12-14 12:52:58