Content | കോട്ടയം: കേരള കത്തോലിക്കാ സഭയുടെ അജപാലനകേന്ദ്രമായ പി.ഒ.സിയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടയം മേഖല സമ്മേളനം വര്‍ധിച്ചുവരുന്ന വര്‍ഗ്ഗീയ ഫാസിസ പ്രവണതകളില്‍ ഉത്‌ക്കണ്‌ഠ രേഖപ്പെടുത്തി. കോട്ടയം അതിരൂപത അജപാലന കേന്ദ്രമായ ചൈതന്യയില്‍ ചേര്‍ന്ന കോട്ടയം, വിജയപുരം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, തിരുവല്ല, മാവേലിക്കര, ഇടുക്കി രൂപതകളിലെ പ്രതിനിധികളുടെ സമ്മേളനം കെസിബിസി ജനറല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
സഭയുടെയും പൊതുസമൂഹത്തിന്റെയും സമഗ്രവളര്‍ച്ചയില്‍ കത്തോലിക്കാ സഭ കാലാകാലങ്ങളില്‍ നല്കിയ സംഭാവനകള്‍ നിസ്തുലവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സമൂഹത്തില്‍ കൂടുതല്‍ ജാഗ്രതയോടെ സുവിശേഷചൈതന്യത്തിനു സാക്ഷ്യം നല്കാന്‍ സഭയ്ക്കു കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു. വ്യക്തിഗത സഭകള്‍ തനിമയും പാരമ്പര്യവും സൂക്ഷിച്ചുകൊണ്ടുതന്നെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സഭയുടെ പ്രേഷിതപാരമ്പര്യം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കു ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവരും വിവിധ രൂപതകളിലെ അജപാലനസമിതി സെക്രട്ടറിമാരും നേതൃത്വം നല്കി. ജനറല്‍ കണ്‍വീനറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂപതകളില്‍നിന്നും 300ലധികം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. |