Content | സത്ന: കഴിഞ്ഞ ദിവസം വൈദികര്‍ക്കുനേരേ ആക്രമണവും വാഹനം കത്തിക്കലും വ്യാജക്കേസെടുക്കലുമുണ്ടായ മധ്യപ്രദേശിലെ സത്‌നയില്‍ സാമൂഹിക പ്രവര്‍ത്തനത്തിന് വൈദികര്‍ക്ക് വിലക്ക്. സേവനവുമായി ഗ്രാമങ്ങളിലേക്കു പോകരുതെന്നാണ് സത്‌ന സെന്റ് എഫ്രേംസ് തിയോളജിക്കല്‍ സെമിനാരിയിലെ വൈദികരോടും വൈദിക വിദ്യാര്‍ഥികളോടും പോലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വ്യാഴാഴ്ച ബുംകാര്‍ ഗ്രാമത്തില്‍ വൈദികരുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണു സത്‌ന പോലീസിന്റെ മുന്നറിയിപ്പ്.
ഇനി അത്തരം വിഭാഗങ്ങളില്‍നിന്ന് എതിര്‍പ്പോ ആക്രമണമോ ഉണ്ടായാല്‍ സംരക്ഷണം നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ ഗ്രാമങ്ങളിലേക്കു പോകരുതെന്നുമാണു പോലീസ് നിലപാട്. പല കേന്ദ്രങ്ങളില്‍നിന്നും തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ധമുണ്ടെന്നും പോലീസ് പറയുന്നു. സത്‌നയില്‍ മിഷന്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ഇവിടത്തെ ഗ്രാമീണ മേഖലകളില്‍ വിദ്യാഭ്യാസ, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ സഭയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
സത്‌ന രൂപതയിലെയും വിവിധ സന്യാസ സമൂഹങ്ങളിലെയും വൈദികരും സെമിനാരി വിദ്യാര്‍ഥികളും ഓരോ ആഴ്ചയിലും നിശ്ചിത ദിവസങ്ങളില്‍ സാമൂഹ്യസേവനത്തിന് എത്താറുണ്ട്. ഇതിനാണ് അധികാരികള്‍ കൂച്ചുവിലങ്ങു ഇട്ടിരിക്കുന്നത്. അതേസമയം വൈദികരുടെ കാര്‍ കത്തിച്ച ഒരു ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.
|