Content | മലയാറ്റൂര്‍: ഭാരതത്തില്‍ ഉടനീളമുള്ള തെരുവോര മക്കളുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്ന ആകാശപ്പറവകളുടെ കൂട്ടുകാര്‍ (FBA) എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനും എംസിബിഎസ് സഭാംഗവുമായ ഫാ. ജോര്‍ജ്ജ് കുറ്റിക്കല്‍ (67) നിര്യാതനായി. കരള്‍സംബന്ധമായ രോഗങ്ങളെ തുടര്‍ന്നു ഏതാനും നാളുകളായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. ഡിസംബര്‍ തുടക്കത്തില്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിന്നു. പിന്നീട് അസുഖം കുറഞ്ഞതോടെ കഴിഞ്ഞ ചൊവ്വാഴ്ച മലയാറ്റൂര്‍ ഉള്ള മാര്‍ വാലഹ് ആശ്രമത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നിരുന്നു. ഇന്ന് പുലര്‍ച്ചേ 1.50 മണിക്ക് മലയാറ്റൂര്‍ ഉള്ള എംസിബിഎസ് മാര്‍ വാലഹ് ആശ്രമത്തില്‍ വച്ചാണ് അന്ത്യം.
1950 ജനുവരി 11ന് ആലപ്പുഴ പുറക്കാട് പരേതരായ കുറ്റിക്കൽ പി.സി. ജോസഫിന്റെയും ത്രേസ്യാമ്മയുടേയും ഏഴു മക്കളിൽ രണ്ടാമനായായിരിന്നു അദ്ദേഹത്തിന്റെ ജനനം. രോഗികളോടും നിര്‍ദ്ധനരോടും കരുണ കാണിച്ചിരുന്ന മാതാപിതാക്കളുടെ ജീവിതം അദ്ദേഹത്തെ ചെറുപ്പത്തില്‍ തന്നെ സ്വാധീനിച്ചു. പതിനേഴാം വയസ്സില്‍ 1967 ജൂൺ 3- ന് ദിവ്യകാരുണ്യ മിഷ്ണറി (MCBS) സമൂഹത്തില്‍ അംഗമായി. 1970 ജൂൺ 11- ന് ആദ്യ വ്രത വാഗ്ദാനം നടത്തി. 1977 മെയ് 15-ന് എറണാകുളം അതിരൂപതാ സഹായമെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽ നിന്നും തിരുപട്ടം സ്വീകരിച്ചു.
പാലക്കാട് കത്തീഡ്രൽ സഹവികാരിയായും മുപ്പത്തടം ഇടവക വികാരിയായും സേവനമനുഷ്ഠിച്ച അദ്ദേഹം എംസിബിഎസ് സഭയുടെ വൊക്കേഷൻ പ്രൊമോട്ടറായും ശുശ്രൂഷ ചെയ്തു. ഇക്കാലയളവില്‍ കോണ്‍ഗ്രിഗേഷന്‍റെ ദിവ്യകാരുണ്യധ്യാന പ്രഘോഷക സംഘത്തോടൊപ്പം ചേര്‍ന്ന് ഇടവകകൾ തോറും ദിവ്യകാരുണ്യ ധ്യാനം നടത്തി. പ്രമുഖ പക്ഷി നിരീക്ഷകന്‍ സലിം അലിയുടെ പക്ഷി വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചതാണ് 'ആകാശപ്പറവകളുടെ കൂട്ടുകാര്‍' എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
ദേശാടനം നടത്തി വരുന്ന സൈബീരിയന്‍ കൊക്കുകള്‍ക്കുപോലും പേരിടുകയും വിവരങ്ങള്‍ ഫയലില്‍ സൂക്ഷിക്കുകയും ഫയലുകള്‍ ഇവ പറന്നെത്തുന്ന ഇടങ്ങളിലെ പക്ഷിസംരക്ഷകര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്ന സലിം അലിയുടെ നിരീക്ഷണം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു.
'ഏതു ജീവികളേക്കാളും ഏറെ വിലയുള്ള മനുഷ്യനെക്കുറിച്ച് പഠനങ്ങളും നിരീക്ഷണങ്ങളും എന്തുകൊണ്ട് നടക്കുന്നില്ല' എന്ന ചോദ്യത്തില്‍ നിന്നാണ് ആകാശപ്പറവകളുടെ കൂട്ടുകാര്‍ എന്ന സ്ഥാപനം ആരംഭിക്കാന്‍ ഫാ. ജോര്‍ജ്ജ് തീരുമാനിച്ചത്. തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമിനടുത്ത് പുത്തൂര്‍ പഞ്ചായത്തിലെ ചെന്നായപ്പാറയില്‍ ഇവര്‍ക്ക് ഭവനം ഒരുക്കാന്‍ എംസിബിഎസ് സഭാ സമൂഹം സ്ഥലം വാങ്ങിച്ചു. 1994 ജനുവരി 18 ന് പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇത് വലിയ ഒരു ദൌത്യത്തിന്റെ ആരംഭം മാത്രമായിരിന്നു. ചെന്നായപ്പാറയില്‍ നിന്ന്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഒരു ജീവകാരുണ്യ പ്രസ്ഥാനമായി 'ആകാശപ്പറവകളുടെ കൂട്ടുകാര്‍' മാറുകയായിരിന്നു.
ജമ്മുകാശ്മീർ, പഞ്ചാബ്, ഡൽഹി, ബീഹാർ, ബംഗാൾ, ഒറീസ, ബാംഗ്ലൂർ, ചെന്നൈ, കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി 100-ല്‍ അധികം സ്ഥാപനങ്ങൾക്കാണ് കുറ്റിക്കലച്ചന്‍ ആരംഭം നല്‍കിയത്. ഇന്ന്‍ കേരളത്തിൽ മാത്രം 26 സ്ഥാപനങ്ങൾ നിലകൊള്ളുന്നു. വിവിധ ഭാഷ സംസാരിക്കുന്നവർ, വിവിധ മതസ്ഥർ, വിവിധ ദേശക്കാർ, വിവിധ പ്രായക്കാർ എല്ലാം ഉൾപ്പെടെ പതിനായിരത്തിലധികം ആളുകളാണ് ആകാശപ്പറവകളുടെ വിവിധ സെന്ററുകളിലായി കഴിയുന്നത്. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി അനേകര്‍ രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്.
1997 ഡിസംബർ 25 ന് ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം എന്ന സഭാസമൂഹം ഫാ. ജോര്‍ജ്ജ് ആരംഭിച്ചു. മാനസിക രോഗികളായവരുടെയും മുറിവേറ്റവരുടെയും ജീവിതത്തില്‍ സാന്ത്വനമായി നിസ്തുലമായ സേവനമാണ് ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം ഇന്ന്‍ കാഴ്ചവെക്കുന്നത്. പുതിയ ഭവനം കിട്ടിയവര്‍, പുതുജീവിതം കിട്ടിയവര്‍, എല്ലാം കഴിഞ്ഞുയെന്ന് ഓര്‍ത്ത് പരിതപിച്ചപ്പോള്‍ സ്നേഹത്തിന്റെ നവ്യാനുഭവം ലഭിച്ചവര്‍- ഇത്തരത്തിലുള്ള പതിനായിരങ്ങള്‍ക്കു പുത്തന്‍ പ്രതീക്ഷകളെകി ഒടുവില്‍ കുറ്റിക്കലച്ചന്‍ യാത്രയായി.
#{red->none->b-> പ്രിയപ്പെട്ട ജോര്‍ജ്ജ് അച്ചന് ആദരാഞ്ജലികള്‍: അച്ചന്റെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം
}# |