Content | ജറുസലേം: ആയിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള പുരാതന ദേവാലയം ഇസ്രായേലി ഗവേഷകർ കണ്ടെത്തി. ബെയ്റ്റ് ഷമേഷ് നഗരത്തിന് സമീപമാണ് ദേവാലയവും ഇതിനോട് ചേര്‍ന്ന് ഒരു ആശ്രമവും ഖനനത്തിലൂടെ കണ്ടെത്തിയത്. നൂറുകണക്കിന് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ ഇസ്രായേല്‍ പുരാവസ്തുവകുപ്പിന്റെ ആഭിമുഖ്യത്തിലായിരിന്നു ഖനനം. സുരക്ഷിതമായി സംരക്ഷിക്കപ്പെട്ട പ്രദേശത്താണ് ദേവാലയം സ്ഥിതി ചെയ്തിരുന്നതെന്ന് ഇസ്രായേൽ ഗവേഷണ അതോറിറ്റി ഡയറക്ടർ ബെന്യാമിൻ സ്റ്റോർഷൻ ജറുസലേം പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഖനനം വഴി കണ്ടെടുത്ത വസ്തുക്കളുടെ മൂല്യം അതിശയകരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. നൂറ്റിമുപ്പത് അടി വീതിയും ഇരുനൂറ്റിമുപ്പത് അടി നീളവുമാണ് ദേവാലയത്തിന്റെ വലിപ്പം. ടർക്കിയിലെ മാർബിൾ ഉപയോഗിച്ചാണ് ആരാധനാലയത്തിന്റെ അടിത്തറ മിനുക്കിയിരിക്കുന്നതെന്ന് ഇസ്രായേലി മാധ്യമമായ ഹാരേട്സ് റിപ്പോർട്ട് ചെയ്യുന്നു. ദേവാലയത്തിന് സമീപം വൈൻ, ഒലീവ് എണ്ണ ഉത്പാദന കേന്ദ്രങ്ങളും കണ്ടെത്തിയിരുന്നു. ദേവാലയവും ആശ്രമവും പുരാതന തീർത്ഥാടന കേന്ദ്രങ്ങളായിരുന്നുവെന്നാണ് നിഗമനം.
|