Content | തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ഇരകളായി വേദനയില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമായി തിരുവനന്തപുരം മേജര്‍ അതിരൂപത. ഒരു കോടി രൂപയുടെ സംഭാവനയാണ് ക്രിസ്തുമസ് ദിനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സംഘവും തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തിന് കൈമാറിയത്. വെള്ളയമ്പലം അതിരൂപത കേന്ദ്രത്തില്‍ സന്ദര്‍ശിച്ച് ക്രിസ്തുമസ് ആശംസകള്‍ നേരാന്‍ എത്തിയപ്പോഴാണ് ചെക്ക് കൈമാറിയത്.
എല്ലാ വര്‍ഷവും മാര്‍ ക്ലീമിസ് ബാവയുടെ നാമഹേതുക തിരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്ന സംഭാവനകളിലൂടെ ഒരു പുതിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിക്കുന്ന പതിവുണ്ട്. ഇപ്രകാരം ഈ വര്‍ഷം കിട്ടുന്ന തുകയും മേജര്‍ അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സ്വരൂപിച്ച തുകയും ചേര്‍ത്തുവെച്ചാണ് തീരപ്രദേശത്തെ ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
നേരത്തെ ക്രിസ്തുമസ് ദിനത്തില്‍ വൈദികരോടൊപ്പം വിഴിഞ്ഞത്തെത്തിയ കാതോലിക്കാ ബാവ കടലില്‍ മരിച്ചവരുടെയും കാണാതായവരുടേയുമായ 15 ഭവനങ്ങള്‍ ബാവ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു. ജനുവരി രണ്ടിനു നടത്തുന്ന നാമഹേതുക തിരുന്നാള്‍ ആഘോഷങ്ങള്‍ ഈ വര്‍ഷം വേണ്ടെന്നുവെച്ചു അന്നു രാവിലെ എട്ടിനു പട്ടം കത്തീഡ്രലില്‍ നടക്കുന്ന സമൂഹബലിക്കു ശേഷം ദുരിത ബാധിതര്‍ക്കു വേണ്ടി അഖണ്ഡ ജപമാല നടത്തുവാനാണ് അതിരൂപതയുടെ തീരുമാനം. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ മറ്റു രൂപതകളും സന്യാസ സമൂഹങ്ങളും സംഘടനകളും കെസിബിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
|