Content | ജക്കാര്‍ത്ത: ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ജയില്‍പ്പുള്ളികളായ ഒന്‍പതിനായിരത്തില്‍ അധികം ക്രൈസ്തവര്‍ക്ക് ക്രിസ്തുമസിനോട് അനുബന്ധിച്ച് ശിക്ഷയില്‍ ഇളവ്. ദൈവനിന്ദാ കുറ്റം അടക്കം വിവിധ കേസുകളാല്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 9333 ക്രൈസ്തവ തടവ് പുള്ളികള്‍ക്കാണ് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയതെന്ന് 'ജക്കാര്‍ത്ത പോസ്റ്റ്' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എത്രകാലം തടവ് ശിക്ഷ അനുഭവിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് ശിക്ഷയില്‍ ഇളവ് നല്കിയിരിക്കുന്നത്. 15 ദിവസം മുതല്‍ 60 ദിവസം വരെയുള്ള ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആറു മാസത്തോളമായി തടവില്‍ കഴിയുന്നവര്‍ക്ക് 15 ദിവസം ഇളവും ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തോളമായി തടവില്‍ കഴിയുന്നവര്‍ക്ക് ഒരു മാസവും ആറു വര്‍ഷമായി തടവില്‍ കഴിയുന്നവര്‍ക്ക് രണ്ട് മാസ ഇളവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം 175 പേര്‍ക്ക് ജയില്‍ മോചനം സാധ്യമാകുമെന്ന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മതനിന്ദാ കുറ്റം ആരോപിച്ച് കഴിഞ്ഞ മെയ് മാസം മുതല്‍ തടവില്‍ കഴിയുന്ന ക്രൈസ്തവ ഗവര്‍ണ്ണര്‍ ബസുക്കി ജഹാജയ്ക്കും ഇളവ് ലഭിച്ചു. 15 ദിവസമാണ് ഇദ്ദേഹത്തിനു ഇളവ് ലഭിച്ചിരിക്കുന്നത്.
|