category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതീരദേശ ജനതയ്ക്കു ലത്തീന്‍ സഭയുടെ സാന്ത്വനം: നൂറു കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു
Contentതിരുവനന്തപുരം: ഓഖി ദുരന്തത്തിനു ഇരയായി പ്രതിസന്ധികളിലൂടെ കടന്ന്‍ പോകുന്ന തീരദേശ ജനതയ്ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത 100 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇന്നലെ, ദുരന്തത്തിന് ഒരു മാസം തികഞ്ഞ ദിവസം പാളയം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പാക്കേജ് പ്രഖ്യാപിച്ചത്. ഓഖി പാക്കേജ് നടപ്പിലാക്കുന്നതില്‍ ജാതി, മത പരിഗണനകള്‍ ഉണ്ടായിരിക്കില്ലെന്നും അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് പാക്കേജ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഭവനം, വിവാഹസഹായം എന്നീ മേഖലകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അതിരൂപതയുടെ പദ്ധതികള്‍. ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഉപരിപഠനം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തും. സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ള ഇതര രൂപത സ്ഥാപനങ്ങളിലും സന്യസ്ത സ്ഥാപനങ്ങളിലും പ്രവേശനത്തിനു സൗകര്യം ഒരുക്കും. ഇതിനായി അഞ്ചു കോടി രൂപ ചെലവഴിക്കും. ദുരന്തത്തിനിരയായ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അതിരൂപതയുടെ കീഴിലുള്ള മരിയന്‍ എന്‍ജിനിയറിംഗ് കോളജ്, ആര്‍ക്കിടെക്ചറല്‍ കോളജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ബിഎസ് സി നഴ്‌സിംഗ് കോളജ്, ബിഎഡ് കോളജ്, സെന്റര്‍ ഓഫ് എക്‌സലന്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കും. അതിരൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൂബിലി ആശുപത്രിയിലും അഞ്ചു വര്‍ഷത്തേക്കു ദുരിതബാധിതരായ കുടുംബങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കു മുന്‍ഗണനാടിസ്ഥാനത്തില്‍ ജോലി നല്‍കും. മത്സ്യമേഖലയില്‍ സ്വയംതൊഴില്‍ കണ്ടെത്തുന്നവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ പത്തു കോടി രൂപ ചെലവഴിക്കും. സ്വയംതൊഴില്‍ കണ്ടെത്തുന്നതിനു സ്ത്രീകള്‍ക്കു പരിശീലനവും സാമ്പത്തിക സഹായവും നല്‍കാന്‍ ഉറപ്പാക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തും. പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക, ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുക, പ്രഫഷണല്‍ വിദ്യാഭ്യാസത്തിനു സജ്ജരാക്കുക തുടങ്ങിയവയ്ക്കായി മൂന്നു കോടി രൂപ ചെലവഴിക്കും. ഓഖി ദുരന്തത്തിലകപെട്ട അര്‍ഹരായ കുടുംബങ്ങള്‍ക്ക്, ഓരോ കുടുംബത്തിന്റെയും അര്‍ഹത പരിഗണിച്ച് സാമ്പത്തിക സഹായം നല്‍കും. ഇതിനായി രണ്ടു കോടി രൂപ നീക്കി വച്ചു. ഇതോടൊപ്പം സര്‍ക്കാര്‍ സഹായം സമയബന്ധിതമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യും. പ്രഫഷണല്‍ കോഴ്‌സ് എടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആദ്യ സെമസ്റ്ററിനുള്ള ഫീസും തുടര്‍പഠനത്തിനാവശ്യമായ ബാങ്ക് വായ്പയ്ക്കുള്ള സൗകര്യവും ഏര്‍പ്പെടുത്തും. ഇതിനായി 50 ലക്ഷം രൂപ നീക്കി വയ്ക്കും. മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സാംസ്‌കാരിക ഉന്നമനത്തിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ അറിവുകള്‍ ലഭ്യമാക്കുന്നതിനുമുള്ള സാങ്കേതിക സംവിധാനം ഒരുക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തുടര്‍ചികിത്സ ആവശ്യമായിട്ടുള്ളവര്‍ക്കും അംഗവൈകല്യമോ സാരമായ പരിക്കോ ഏറ്റവര്‍ക്കും അടുത്ത രണ്ടു വര്‍ഷത്തേക്ക് ജൂബിലി ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കും. ഇതിനായി 50 ലക്ഷം രൂപ ചെലവഴിക്കും. അതിരൂപതയിലും ഫൊറോന തലത്തിലും സൈക്കോ സ്പിരിച്വല്‍ സെന്ററുകള്‍ ആരംഭിച്ച്, ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്കു മാനസികാരോഗ്യം ഉറപ്പു വരുത്തും. ഇതിനായി 50 ലക്ഷം രൂപ ചെലവഴിക്കും. ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങളിലെ സാമ്പത്തിക ഭദ്രതയില്ലാത്ത 100 പെണ്‍കുട്ടികളെ അതിരൂപതയുടെ സാന്ത്വനം മാംഗല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവാഹ സഹായം നല്‍കും. ഒരു പെണ്‍കുട്ടിക്കു പരമാവധി മൂന്നു ലക്ഷം രൂപ വരെ നല്‍കും. ഇതിനായി മൂന്നു കോടി രൂപ ചെലവഴിക്കും. ബിഷപ്പ് സൂസപാക്യത്തിന്റെ കാര്‍മ്മികത്വത്തില്‍ ഇന്നലെ നടന്ന ദിവ്യബലിക്കു ശേഷം സ്‌കൂള്‍ അങ്കണത്തില്‍ നിന്നു പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കു മെഴുകുതിരി പ്രദക്ഷിണം നടത്തി. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരും പ്രതീക്ഷയ്ക്കു വക നല്‍കാതെ കാണാതായവരുമായ 298 പേരുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഇവരില്‍ 149 പേര്‍ തിരുവനന്തപുരത്തു നിന്നുള്ളവരും 149 പേര്‍ കന്യാകുമാരി ജില്ലയിലെ തൂത്തൂര്‍ ഫൊറോനയില്‍ നിന്നുള്ളവരുമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-12-30 10:02:00
Keywordsഓഖി
Created Date2017-12-30 10:00:58