Content | വത്തിക്കാന്‍ സിറ്റി: ദൈവപുത്രനെ ഉദരത്തില്‍ വഹിച്ചു എന്നതില്‍ മാത്രം ഒതുങ്ങതല്ല മറിയത്തിന്‍റെ മാതൃത്വമെന്നും സകലവും ഹൃദയത്തില്‍ സൂക്ഷിച്ച് ധ്യാനിച്ചവളാണ് പരിശുദ്ധ അമ്മയെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ പുതുവത്സര സന്ദേശം. ദൈവമാതാവിന്‍റെ തിരുനാള്‍ ദിനവും പുതുവത്സര ദിനവുമായ ഇന്നു (01/01/18) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതമനുഭവിക്കുന്നവര്‍ക്ക് സമാധാനം ആശംസിക്കുന്നതായി പാപ്പ പറഞ്ഞു.
ഉപരിപ്ലവമായിട്ടല്ല മറിച്ച് ഹൃദയത്തിലാണ് തിരുപ്പിറവിയെ സ്വീകരിക്കേണ്ടത്. തന്‍റെ സുതനായ യേശുവിനും ഇല്ലായ്മകളുടെയും ദാരിദ്ര്യത്തിന്‍റെയും സഹനങ്ങളുടെയുമായ യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കുന്ന മനുഷ്യര്‍ക്കും മദ്ധ്യേ സ്വയം പ്രതിഷ്ഠിച്ചുകൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം സവിശേഷമായ ഒരു ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ദൈവപുത്രന്‍ മറിയത്തിന്‍റെ ഉദരത്തില്‍ ശരീരം ധരിച്ചു എന്നതില്‍ മാത്രം ഒതുങ്ങതല്ല മറിയത്തിന്‍റെ മാതൃത്വം. വിശ്വാസത്താല്‍ മറിയം യേശുവിന്‍റെ പ്രഥമ ശിഷ്യയാണ്. ആ വിശ്വാസം അവളുടെ മാതൃത്വത്തിന് വിശാലതയേകുന്നു.
കാനായിലെ കല്യാണവിരുന്നില്‍ യേശു വെള്ളം വീഞ്ഞാക്കി മാറ്റിയ അത്ഭുത്തിനു നിമിത്തമായതു മറിയത്തിന്‍റെ ഈ വിശ്വാസമാണ്. അതേ വിശ്വാസത്താലാണ് മറിയം കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്നതും യോഹന്നാനെ മകനായി സ്വീകരിക്കുന്നതും. ഒടുവില്‍ യേശുവിന്‍റെ ഉത്ഥാനാന്തരം സഭയുടെ പ്രാര്‍ത്ഥനാനിരതയായ അമ്മയായിത്തീരുന്നതും മറിയത്തിന്റെ ഈ വിശ്വാസം മൂലമാണെന്നും ഇത് നമ്മുടെ ജീവിതത്തില്‍ പകര്‍ത്തണമെന്നും പാപ്പ പറഞ്ഞു. ത്രികാല പ്രാര്‍ത്ഥനക്ക് മുന്‍പുള്ള തന്റെ സന്ദേശത്തില്‍ അഭയാര്‍ത്ഥികളെയും പാപ്പ സ്മരിച്ചു.
ഇല്ലായ്മകളുടെ പിടിയലമര്‍ന്നിരിക്കുന്ന, ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് ഇക്കൊല്ലത്തെ വിശ്വശാന്തി ദിനം സമര്‍പ്പിക്കുന്നു. കഷ്ടതകള്‍ സഹിച്ച് അപകടകരമായ സുദീര്‍ഘ യാത്രകള്‍ നടത്തുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഹൃദയങ്ങളിലെ പ്രത്യാശയുടെ ദീപങ്ങള്‍ കെടുത്തരുത്. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും സമാധാനത്തിന്‍റെ ഒരു ഭാവി ഉറപ്പുവരുത്താന്‍ സഭാതലത്തിലും രാഷ്ട്രതലത്തിലും പരിശ്രമം നടക്കേണ്ടത് ആവശ്യമാണെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
|