Content | ഷില്ലോംഗ്: മേഘാലയയിൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര ടൂറിസം മന്ത്രാലയം 70 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ഇന്നലെ ഷില്ലോംഗില്‍ പ്രഖ്യാപിച്ചത്. ആകെ തുകയുടെ 61 കോടി രൂപ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു വേണ്ടി മാറ്റിവെക്കും.
എട്ടു കോടി രൂപ ക്ഷേത്രങ്ങള്‍ക്കും 44 ലക്ഷം രൂപ മസ്ജിദുകള്‍ക്കും 37 ലക്ഷം രൂപ സിക്ക് ഗുരുദ്വാരകള്‍ക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു മുന്‍പ് മേഘാലയയിലെ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ 18 കോടി രൂപ അനുവദിച്ചിരുന്നു. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനത്തിന്റെ പാർട്ടി ചുമതല കണ്ണന്താനത്തിനാണ്. ഈ സാഹചര്യത്തെ മുന്നില്‍ കണ്ട് ഫണ്ട് പ്രഖ്യാപിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍.
|