Content | വത്തിക്കാന് സിറ്റി: പരിശുദ്ധ സിംഹാസനം രാജ്യങ്ങളുടെ അധികാരികളുമായി ബന്ധം പുലര്‍ത്തുന്നതിന്‍റെ ഏക ലക്ഷ്യം മനുഷ്യവക്തിയുടെ ആദ്ധ്യാത്മിക-ഭൗതിക സുസ്ഥിതിയും പൊതുനന്മയും പരിപോഷിപ്പിക്കുവാനാണെന്ന് ഫ്രാന്‍സിസ് പാപ്പ. ലോകരാഷ്ട്രങ്ങള്‍ വത്തിക്കാന് വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതികള്‍ ഉള്‍പ്പടെയുള്ള നയതന്ത്ര പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ജറുസലേം, കൊറിയ, സിറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതിന്റെ ആവശ്യകത പാപ്പ തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
ലോകത്തിന്റെയും കൊറിയന്‍ മേഖലയുടെയും നന്മയ്ക്കായി പ്രകോപന നടപടികള്‍ ഒഴിവാക്കി ചര്‍ച്ചയുടെ വഴി സ്വീകരിക്കണമെന്നും ആണവായുധ മത്സരത്തിന്റെ ഒരാവശ്യവുമില്ലെന്നും വിനാശകാരികളായ ആയുധങ്ങള്‍ നശിപ്പിച്ചു കളയണമെന്നും അദ്ദേഹം പറഞ്ഞു. പരസ്പരവിശ്വാസവും സമാധാനത്തെക്കുറിച്ചുള്ള പ്രത്യാശയും കൊറിയയയിലെ ജനങ്ങള്‍ക്കും ലോകം മുഴുവനും പകരുന്നതിനുവേണ്ടി കൊറിയ ഉപദ്വീപില്‍ സംഭാഷണം പുനരാരംഭിക്കുന്നതിന് സകലവിധ പിന്തുണയും നല്‍കണം.
2017-ല്‍ ഈജിപ്ത്, പോര്‍ച്ചുഗല്‍, കൊളംബിയ, മ്യാന്മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നടത്തിയ ഇടയസന്ദര്‍ശനങ്ങള്‍ സമൂഹത്തിന്റെ ആദ്ധ്യാത്മിക-ഭൗതിക സുസ്ഥിതിയെ ലക്ഷ്യംവെച്ചു കൊണ്ടുള്ള പരിശുദ്ധസിംഹാസനത്തിനുള്ള താത്പര്യത്തിന്റെ ആവിഷ്കാരമാണെന്നും പാപ്പ പറഞ്ഞു.
പാപ്പയുടെ പ്രസംഗത്തില്‍ രോഹിഗ്യകളുടെ സംരക്ഷണവും ബാലവേലയെ കുറിച്ചുള്ള ആശങ്കയും പങ്കുവെച്ചു. ബാലവേല എന്ന വ്യാധിയുടെ ഘടനാപരമായ കാരണങ്ങള്‍ ഇല്ലാതാക്കുയെന്നത് സര്‍ക്കാരുകളുടെയും അന്താരാഷ്ട്രസംഘടനകളുടെയും മുന്‍ഗണനാ വിഷയാമാകണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. 185 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പാപ്പയുടെ വാക്കുകള്‍ ശ്രവിച്ചത്. |