Content | കൊച്ചി: സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാരെ പ്രഖ്യാപിച്ചു. മാർ ജോണ്‍ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം സാഗർ രൂപതയുടെയും മെത്രാന്മാരാകും. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ച ഒഴിവിലേക്കാണ് മാർ ജോണ്‍ നെല്ലിക്കുന്നേൽ നിയമിതനായത്. സാഗര്‍ രൂപതയുടെ സ്ഥാനം ഒഴിയുന്ന മാര്‍ ആന്റണി ചിറയത്തിന് പകരമായാണ് ജെയിംസ് അത്തിക്കളത്തെ നിയമിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ജനുവരി 12ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് വത്തിക്കാനിലും, കാക്കനാട് മൗണ്ട് സെന്‍റ് തോമസിലും നടന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. സീറോ മലബാർ സിനഡിൽ പങ്കെടുക്കുന്ന മെത്രാന്മാരും വൈദികരും ചടങ്ങിൽ പങ്കെടുത്തു. മാർ ജോർജ് ആലഞ്ചേരി നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
റവ.ഡോ. ജെയിംസ് അത്തിക്കളം മിഷനറി സൊസൈറ്റി ഓഫ് സെന്‍റ് തോമസ് ദി അപ്പസ്റ്റൽ (എംഎസ്ടി) സഭയുടെ സുപ്പീരിയർ ജനറാൾ, ഭോപ്പാൽ റൂഹാലയ മേജർ സെമിനാരി റെക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭോപ്പാലിൽ സീറോ മലബാർ സഭാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളുടെ ചുമതല വഹിക്കുന്പോഴാണ് പുതിയ നിയോഗം. റിട്ട. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ കോട്ടയം ചിങ്ങവനം അത്തികളം സി. പൗലോസിന്‍റെയും അന്നമ്മയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് 58 വയസുകാരനായ നിയുക്ത മെത്രാൻ. തൃപ്പൂണിത്തുറ ഗവ. കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.എ.പി. സൂസമ്മ, എ.പി. തോമസ് എന്നിവർ സഹോദരങ്ങളാണ്.
ഇടുക്കി രൂപതാംഗമായ ഫാ.ജോണ്‍ നെല്ലിക്കുന്നേൽ 1973 മാർച്ച് 22ന് പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേൽ വർക്കി-മേരി ദന്പതികളുടെ മകനായാണ് ജനിച്ചത്. 1988-ൽ വൈദികപഠനം ആരംഭിച്ചു. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി 1998 ഡിസംബർ 30ന് പുരോഹിതനായി അഭിഷിക്തനായി. പിന്നീട് നിരവധി ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്ത ശേഷം റോമിൽ നിന്നും ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി.
ഇടുക്കി രൂപത ചാൻസലർ, രൂപത മതബോധന വിഭാഗത്തിന്‍റെയും ബൈബിൾ അപ്പസ്തോലേറ്റിന്‍റെയും ഡയറക്ടർ, മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ റെസിഡന്‍റ് അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇടുക്കി രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ച ഒഴിവിലേക്കാണ് മാർ ജോണ്‍ നെല്ലിക്കുന്നേൽ നിയമിതനായത്.
കഴിഞ്ഞ സെപ്റ്റംബര്‍ 23ന് 75 വയസ്സ് പൂര്‍ത്തിയായ മാര്‍ ആനിക്കുഴിക്കാട്ടിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വിരമിക്കൽ അപേക്ഷ കൈമാറിയിരുന്നു. പുതിയ മെത്രാനെ തിരഞ്ഞെടുക്കുന്നതുവരെ രൂപതയുടെ അദ്ധ്യക്ഷനായി തുടരുകയായിരിന്നു അദ്ദേഹം. കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഇടുക്കി ജില്ലയിലെ ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി 2003-ല്‍ ആണ് ഇടുക്കി രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2002 ഡിസംബർ 19 - ന് തയ്യാറാക്കിയ രൂപകല്പനാ ഉത്തരവിന് 2003 ജനുവരി 15 -ന് അനുമതി നൽകുകയായിരിന്നു. അതേ വര്‍ഷം മാര്‍ച്ചിൽ രൂപം കൊണ്ട ഇടുക്കി രൂപതയുടെ ആദ്യ മെത്രാനായിരിന്നുമാര്‍ മാത്യു ആനിക്കുഴിക്കാട്ടിൽ. 150ൽ പരം ഇടവകകളും മൂന്നു ലക്ഷത്തിലധികം വിശ്വാസികളുമാണ് ഇടുക്കി രൂപതയിലുള്ളത്. പുതിയ മെത്രാന്‍മാരുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച തീയതികൾ പിന്നീട് തീരുമാനിക്കുമെന്ന് മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ.ആന്‍റണി കൊള്ളന്നൂർ അറിയിച്ചു. |