Content | ലാറ്റിൻ, ഹീബ്രു ഗ്രീക്കു, ജർമ്മൻ, ബൊഹീമിയൻ സ്പാനിഷ്, ഫ്രെഞ്ച് എന്നീ ഭാഷകൾ സരസമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്ന ഒരു കപ്പൂച്ചിൻ വൈദികനാണ് ലോറൻസ്. അദ്ദേഹം 1559 ജൂലൈ 22ം തിയതി ഇറ്റലിയിൽ ബ്രിന്റിസി എന്ന സ്ഥലത്തു ജനിച്ചു. ഷഷ്ഠീപൂർത്തി ദിവസം മരിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കന്മാർ ബില്യവും എലിസബത്ത്രൂസോയും മകനുപേരിട്ടത് ജൂലിയസ് സീസർ എന്നാണ്. പതിനാറു വയസ്സുള്ളപ്പോൾ വെനീസിലെ കപ്പൂച്ചിയൻ ആശ്രമത്തിൽ ചേർന്ന് ലോറൻസ് എന്ന പേരു സ്വീകരിച്ചു. പാദുവ സർവ്വകലാശാലയിൽ തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിച്ചു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ വൈദികനായി. യഹൂദന്മാരെപ്പോലെ ഹീബ്രു സംസാരിച്ചതുകൊണ്ട് എട്ടാം ക്ലെമന്റ് മാർപ്പാപ്പ അദ്ദേഹത്തെ യഹൂദന്മാരുടെ ഇടയിൽ സുവിശേഷ ജോലി ചെയ്യുവാൻ നിയോഗിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധഗ്രന്ഥവിജ്ഞാനം അന്യാദ്രുശമായിരുന്നു. 1956ൽ കപ്പൂച്ചിയൻ സഭ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ 15 വാല്യമായി പ്രസിദ്ധം ചെയ്തിട്ടുണ്ട്.
മുപ്പത്തയോന്നാമത്തെ വയസ്സിൽ ഫാദർ ലോറൻസ് ടസ്കനിയിലെ പ്രൊവിൻഷ്യലും 1602ൽ കപ്പൂച്ചിയൻ സഭയുടെ മിനിസ്ടർ ജനറലുമായി. മൂന്നുകൊല്ലം കഴിഞ്ഞ് അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ തുടങ്ങിയപ്പോൾ ആ സ്ഥാനം അദ്ദേഹം പാടെ നിഷേധിച്ചു.
1571ൽ ലെപ്പാന്റോ യുദ്ധത്തിനുശേഷം തുർക്കികൾ ഒന്നു ഒതുങ്ങിയെങ്കിലും സുൽത്താൻ മുഹമ്മദ് തൃദീയൻ ഹങ്കറിയുടെ കുറെ ഭാഗം പിടിച്ചടക്കുകയുണ്ടായി. ക്രിസ്തീയ ജർമ്മൻ രാജാക്കന്മാരോട് ഒരുമിച്ചു നിന്ന് സമരം ചെയ്യുന്നതിനുവേണ്ട ഉപദേശം നല്കാൻ റൂഡോൾഫ് ചക്രവർത്തി ഫാദർ ലോറൻസിനെ നിയോഗിച്ചു. എൺപതിനായിരം തുർക്കി പടയാളികൾക്കെതിരെ ഫാദർ ലോറൻസ് 18000 ക്രിസ്ത്യൻ യോദ്ധാക്കളെ നിരത്തി. ഫാദർ ലോറൻസ് ഒരു കുരിശുരൂപം കൈയിൽ പിടിച്ച് കുതിരപ്പുറത്തിരുന്ന് യോദ്ധാക്കളെ നയിച്ചു. സ്റ്റുൾവെയിസൻബെർഗ്ഗിൽ വെച്ച് സൈന്യങ്ങൾ ഏറ്റുമുട്ടി. തുർക്കികൾ പലായനം ചെയ്തു.
ജർമ്മനിയിൽ ഫാദർ ലോറൻസിനും ധാരാളം മാനസാന്തരങ്ങൾ നേടാൻ കഴിഞ്ഞു. സ്വദേശമായ നേപ്പിൾസിലെ ഒരു തർക്കം തീർക്കാൻ ഫാദർ ലോറൻസ് പേപ്പൽ പ്രതിനിധിയായി ലിസ്ബണിലേക്ക് പോകുകയുണ്ടായി. അവിടെവെച്ച് മൃതികരമായ രോഗം പിടിപെടുകയും 1619ൽ ജൂലൈ 22ം തിയതി ദിവംഗദനാവുകയും ചെയ്തു.
ഇതര വിശുദ്ധർ:
1. വിക്ടർ , അലക്സാണ്ടർ, ഫെലിസിയൻ, ലോഞ്ചിനോസ് +304 മാഴ്സെ
2. അർബോഗാസ്റ്റ് +460 വെർഡൂൺ ബിഷപ്പ്
3.ജോണും ബെനിഞ്ഞൂസും +707 ദ്വിജർ, മോയൻ മൗതിയെർ ആശ്രമം
4. ക്ലാവുദിയൂസ് ,യുസ്തൂസ്, യുക്കെന്തിനൂസ് വേറെ അഞ്ചുകൂട്ടുകാരും +273 ട്രോസിസ്
5. ഡാനിയേൽ പ്രവാചകൻ ബ് ഇസി ( അഞ്ചാം ശതാബ്ദം)
|