Content | അബൂജ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനു നൈജീരിയയിലെ നസാരാവാ സംസ്ഥാനത്തിലെ കാരുവിലുള്ള ബിന്‍ഹാം സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയായ നബില ഉമര്‍ സാന്‍ഡായെന്ന 19 കാരിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ക്രൈസ്തവ വിശ്വാസത്തെ പരിചയപ്പെടുത്തി എന്ന പേരില്‍ സിംപുട് ഡാഫുഫ് എന്ന ക്രിസ്ത്യന്‍ യുവാവും അറസ്റ്റിലായി. കസ്റ്റഡിയിലെടുത്തവരെകുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല. രണ്ടുപേരും ഏതോ അജ്ഞാത കേന്ദ്രത്തില്‍ തടവിലാണെന്ന് കരുതപ്പെടുന്നു.
അയല്‍ സംസ്ഥാന തലസ്ഥാനമായ ജോസില്‍ വെച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ച് സഭയുടെ പ്രാദേശിക നേതാവായ ജെറമിയ ഡാറ്റിമാണ് ഇക്കാര്യം പുറത്തുവിട്ടത്. ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ (ECWA) സഭയുടെ ഉടമസ്ഥതയിലുള്ള ബിന്‍ഹാം സര്‍വ്വകലാശാലയില്‍ പഠിക്കുന്നതിനിടക്ക് പരിചയപ്പെട്ട 33 കാരനായ സിംപുട് ഡാഫുഫാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കണമെന്ന നബിലയുടെ ആഗ്രഹപ്രകാരം അവളെ ജെറമിയ ഡാറ്റിമുമായി ബന്ധപ്പെടുത്തിയത്. ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയയും (CAN), ജമാ’അത്തു നസ്രില്‍ ഇസ്ലാമു (JNI) മായുള്ള പരസ്പരധാരണയുടെ അടിസ്ഥാനത്തിലാണ് നബില ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്ന് ജെറമിയ വെളിപ്പെടുത്തി.
തനിക്ക് 19 വയസ്സായെന്നും താന്‍ സ്വന്ത ഇഷ്ടപ്രകാരമാണ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതെന്നും എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും താന്‍ പരിവര്‍ത്തനം നടത്തുമെന്നും നബില പറഞ്ഞതായി ജെറമിയ വെളിപ്പെടുത്തി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി സര്‍വീസിലെ ഡിറ്റക്ടീവുകള്‍ ജനുവരി 8 തിങ്കളാഴ്ച ജെറമിയയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും, അദ്ദേഹത്തിന്റെ ഭാര്യയേയും, 8 മാസം മാത്രം പ്രായമുള്ള ശിശുവുള്‍പ്പെടെയുള്ള മക്കളേയും ആക്രമിച്ചശേഷം നബിലയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നബിലയുടെ പിതാവിന്റെ ഇടപെടലും സ്വാധീനവുമാണ് രണ്ടുപേരുടേയും അറസ്റ്റിന് കാരണമായതെന്ന് ജെറമിയ പറയുന്നു.
സിംപുട് ഡാഫുഫിന്റെ മാതാവായ ലിഡിയയും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 5 വാഹനങ്ങളില്‍ വന്ന ആയുധധാരികളായ ആളുകള്‍ തന്റെ വീട് വളഞ്ഞാണ് തന്റെ മകനെ പിടികൂടിയതെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ മകന്റെ മോചനത്തിനായി പത്രപ്രവര്‍ത്തകരുടെ സഹായവും വിധവയായ അവര്‍ അഭ്യര്‍ത്ഥിച്ചു. സ്വന്തം വിശ്വാസം പ്രകടിപ്പിക്കുവാനും സ്വന്തം ഇഷ്ടപ്രകാരം ഏത് മതം സ്വീകരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ആക്രമണം രൂക്ഷമാണ്. |