Content | അങ്ങാടിക്കടവ്: വൃക്ക രോഗികളുടെ കണ്ണീര്‍ തുടയ്ക്കാന്‍ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചുകൊണ്ട് അങ്ങാടിക്കടവ് തിരുഹൃദയ ഇടവക. തിരുഹൃദയ ഇടവക നേതൃത്വം നല്‍കുന്ന ഷെയര്‍ ആന്‍ഡ് സേവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള '2500 സൗജന്യ ഡയാലിസിസ് പദ്ധതി'യിലൂടെയാണ് വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നല്‍കുക. നേരത്തെ ആരംഭിച്ച 'ആയിരം ഡയാലിസിസുകള്‍' പൂര്‍ത്തിയായ സാഹചര്യത്തിലാണ് രണ്ടാംഘട്ടത്തിന് തിരിതെളിഞ്ഞത്. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു.
വേദനിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നവന് വര്‍ഗീയമായി ചിന്തിക്കാനും കലഹിക്കാനും സമയമില്ലെന്നും മാനവികതയും മനുഷ്യസ്‌നേഹവുമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനഭാവമെന്നും മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വാദ്യമേളങ്ങളുടെ അകന്പടിയോടെയായിരുന്നു മാര്‍ പാംപ്ലാനിക്ക് അങ്ങാടിക്കടവ് പൗരാവലി സ്വീകരണം നല്‍കിയത്. അങ്ങാടിക്കടവ് ഇടവക വികാരി ഫാ. തോമസ് മുണ്ടമറ്റത്തില്‍ സ്വാഗതം പറഞ്ഞു. അയ്യംകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഫാ. ലൂക്കോസ് മാടശേരി, ജോര്‍ജ് ഓരത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.
|