Content | പാരീസ്: കനത്ത മഴയെ അവഗണിച്ച് ഫ്രാന്‍സിൽ നടന്ന 'മാർച്ച് ഫോർ ലൈഫ് റാലി'യില്‍ പങ്കെടുത്തത് നാല്‍പ്പതിനായിരത്തോളം ആളുകള്‍. ഞായറാഴ്ച ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ പൊണ്ടേ ദൌഫിനില്‍ നിന്നും ട്രോകാഡരോ എസ്പ്ലാനഡെ വരെ നടത്തിയ മാര്‍ച്ചില്‍ പ്ലാക്കാര്‍ഡുകള്‍ വഹിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് ഫ്രഞ്ചു ജനത ജീവന്റെ മഹത്ത്വം പ്രഘോഷിച്ചത്. ഹോളണ്ട്, സ്‌പെയിൻ, ജർമ്മനി, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ളവരും മാർച്ചിൽ പങ്കെടുക്കുവാന്‍ എത്തിയെന്നത് ശ്രദ്ധേയമാണ്. ഗര്‍ഭഛിദ്രത്തെ കൂടാതെ ദയവധത്തിന് എതിരെയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
മൃഗങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന പോലും മനുഷ്യജീവന് ഫ്രഞ്ച് നിയമ വ്യവസ്ഥ നല്‍കുന്നില്ലായെന്ന് പ്രോലൈഫ് സംഘടനയായ ലെജൂണിന്റെ പ്രസിഡന്‍റ് ജീന്‍ മേരി കുറ്റപ്പെടുത്തി. മൗനം വെടിഞ്ഞു ഭ്രൂണഹത്യയുടെ അനന്തരഫലങ്ങളെപ്പറ്റി സംസാരിക്കേണ്ടത് അനിവാര്യമാണെന്നും ജീവനുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും മാർച്ച് ഫോർ ലൈഫിന്റെ വക്താവായ എമിൽ ഡുപ്പോൺഡ് പറഞ്ഞു. 1975-ല്‍ ആണ് ഫ്രാന്‍സില്‍ അബോര്‍ഷനു അനുമതി നല്‍കിയത്. ഇന്ന് ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്രം നടക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്. ഫ്രഞ്ച് ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കനുസരിച്ച് രണ്ടുലക്ഷം ഭ്രൂണഹത്യകളാണ് പ്രതിവര്‍ഷം രാജ്യത്തു നടക്കുന്നത്.
|