Content | ഇരിങ്ങാലക്കുട: ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് സിസ്റ്റര്‍ റോസ് ആന്റോ പകുത്ത് നല്‍കിയ വൃക്കയില്‍ ഇരിങ്ങാലക്കുട ആസാദ് റോഡ് വലിയപറമ്പില്‍ വേലായുധന്റെ മകന്‍ തിലകന്‍ പുതുജീവിതത്തിലേക്ക്. സിസ്റ്ററുടെ വൃക്ക തിലകനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോ. ജോര്‍ജ് പി. ഏബ്രഹാം അറിയിച്ചു. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിലായിരുന്ന തിലകനെ കഴിഞ്ഞ ദിവസം മുറിയിലേക്കു മാറ്റി. അതേസമയം കാരുണ്യത്തിന്റെ സുവീശം പ്രഘോഷിച്ച് സിസ്റ്റര്‍ റോസ് ആന്റോ ആശുപത്രി വിട്ടു.
തന്റെ സന്യാസ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലിയില്‍ ദൈവത്തിനുള്ള നന്ദിപ്രകാശനമായാണ് സിസ്റ്റര്‍ തിലകനു വൃക്ക നല്‍കാന്‍ സന്നദ്ധയായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ വൃക്കമാറ്റ ശസ്ത്രക്രിയ നടന്നത്. ദൈവത്തോടുള്ള നന്ദിയായി താൻ ഏറ്റെടുത്ത സഹനം,തിലകന് ജീവൻ പകുത്തു നൽകുവാനുള്ള തന്റെ ആഗ്രഹം ദൈവം തനിക്കു നടത്തി തന്നുവെന്നാണ് ശാസ്ത്രക്രിയയ്ക്ക് ശേഷം സിസ്റ്റര്‍ റോസ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റര്‍ റോസ് ആന്റോ, ആലപ്പുഴ കൈതവന മംഗലത്ത് വീട്ടില്‍ പരേതരായ ആന്റണിയുടെയും ത്രേസ്യാമ്മയുടെയും മകളാണ്. വൃദ്ധജന സംരക്ഷണം, സാധുവിധവകള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കല്‍, പരിസര ശുദ്ധീകരണം, സാമൂഹിക വനവല്‍ക്കരണം, യുവതലമുറയ്‌ക്ക് ജീവിത ദര്‍ശനത്തിന് ഉപയുക്‌തമായ പ്രായോഗിക പരിശീലനം നല്‍കുക, ആദിവാസികള്‍ക്ക് പോഷക ആഹാരം നല്‍കുക തുടങ്ങിയ നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാരുണ്യത്തിന്‍റെ വേറിട്ട മുഖം കൂടിയാണ് സിസ്റ്റര്‍ റോസ് ആന്റോ.
|