Content | വത്തിക്കാന്‍ സിറ്റി: വിവിധ സഭകളില്‍ നിന്നുള്ള ക്രൈസ്തവര്‍ ദൈവ ഭവനത്തിലെ അംഗങ്ങളും വിശുദ്ധരുമൊത്ത് സഹപൗരരുമാണെന്ന്‍ ഓര്‍മ്മിപ്പിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. വ്യാഴാഴ്ച സഭൈക്യ സംഗമത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. പുറപ്പാടു പുസ്തകത്തിലെ മോശയും സഹോദരി മിറിയവും ആലപിച്ച ഗീതത്തിന്‍റെ വായനയെ അടിസ്ഥാനമാക്കി ചെങ്കടലിലൂടെയുള്ള ഇസ്രായേലിന്‍റെ മോചനത്തെ ജ്ഞാന സ്നാനത്തിലൂടെയുള്ള ക്രീസ്തീയ മോചനത്തോടു ബന്ധിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം നല്‍കിയത്.
ഇസ്രായേലിനെ ഈജിപ്തുകാര്‍ എന്നതിനെക്കാള്‍, പാപം നമ്മെ അടിമകളാക്കിയിരിക്കുന്നു. നാം ക്രൈസ്തവര്‍, ഈ ജ്ഞാനസ്നാനജലത്തിലൂടെ കടന്നുപോന്നവരാണ്. കൂദാശയുടെ കൃപാവരം നമ്മുടെ ശത്രുക്കളെ, പാപത്തെയും മരണത്തെയും നശിപ്പിച്ചിരിക്കുന്നു. അവ ജലത്തിലൂടെ നശിപ്പിക്കപ്പെട്ടപ്പോള്‍ നാം ദൈവപുത്രരുടെ സ്വാതന്ത്ര്യത്തിലേക്കു കടന്നു. നാമെല്ലാവരും, ദൈവഭവനത്തിലെ അംഗങ്ങളും വിശുദ്ധരുമൊത്ത് സഹപൗരരും ആണ്.
മാമോദീസയില്‍ നാം സ്വീകരിച്ച ദൈവത്തിന്‍റെ ക്ഷമയും അതിലൂടെ ലഭിച്ച കൃപാവരവും നമ്മെ ഐക്യപ്പെടുത്തിയെന്ന് തിരിച്ചറിയുന്നു. ഇന്നും ക്രൈസ്തവരെന്ന നിലയില്‍ പീഡനമേല്‍ക്കുന്നവരും രക്തസാക്ഷികളാകുന്നവരുമായ നമ്മുടെ സഹോദരങ്ങള്‍ മാമ്മോദീസായിലൂടെ സ്വീകരിച്ച ഈ ഐക്യത്തെ നിലനിര്‍ത്തുന്നു. എല്ലാ വിശ്വാസികളും ഐക്യത്തോടെ നീങ്ങുവാനുള്ള ആഹ്വാനത്തോടെയാണ് പാപ്പയുടെ സന്ദേശം സമാപിച്ചത്. റോമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ ക്രൈസ്തവ അധ്യക്ഷമാരാണ് സഭൈക്യ സംഗമത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കുവാന്‍ കഴിഞ്ഞ ദിവസം വത്തിക്കാനിലെ സെന്‍റ് പോള്‍സ് ബസിലിക്കയില്‍ എത്തിയത്. |