Content | ആംസ്റ്റർഡാം: നെതർലാന്‍റിൽ ഇരുപത് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഡൊമിനിക്കന്‍ സഭാംഗം അഭിഷിക്തനായി. കഴിഞ്ഞ മാസം ഓക്സ്ഫോർഡിൽ റവ. റിച്ചാർഡ് സ്റ്റീൻവോര്‍സ് ആണ് പൗരോഹിത്യം സ്വീകരിച്ചത്. 2013 ൽ സെമിനാരിയിൽ ചേർന്ന എട്ട് വിദ്യാർത്ഥികളിലൊരാളായിരുന്നു റിച്ചാർഡ്. രാജ്യത്തെ ഡൊമിനിക്കന്‍ സമൂഹത്തില്‍ ഇടത്തരം പ്രായമുള്ള വൈദികരുടെ അഭാവമാണ് സഭാസമൂഹം നേരിടുന്ന ഏക വെല്ലുവിളി. അമ്പത്തിനാല് ഡച്ച് ഡൊമിനിക്കൻ അംഗങ്ങളിൽ എട്ട് പേർ തൊണ്ണൂറ് വയസ്സിന് മുകളിലുള്ളവരാണ്.
അതേസമയം സെമിനാരി വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം നോവിഷ്യേറ്റ് പുനരാരംഭിക്കുമെന്നും കേംബ്രിഡ്ജിൽ പഠന സൗകര്യമൊരുക്കുമെന്നും പ്രോവിൻഷ്യാൾ ഫാ.റെനേ ഡിങ്കളോ പറഞ്ഞു. ഡൊമിനിക്കൻ സഭയുടെ വിവിധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ട്. 1465-ൽ ഡച്ച് പ്രവിശ്യയിൽ ഡൊമിനിക്കൻ സന്യസ്തർ പ്രവർത്തനം ആരംഭിച്ചുവെങ്കിലും 1902 ലാണ് ആശ്രമം സ്ഥാപിതമായത്. 800 വര്‍ഷത്തോളം പഴക്കമുള്ള വൈദിക സമൂഹമാണു ഡൊമിനിക്കന്‍ സഭ. |