Content | ലണ്ടന്‍: ആയിരത്തിമുന്നൂറു വര്‍ഷം പഴക്കമുള്ള ആംഗ്ലോ-സാക്സണ്‍ കുരിശ് ബ്രിട്ടനില്‍ പൊതുപ്രദര്‍ശനത്തിന് വെക്കും. ആംഗ്ലോ-സാക്സണ്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഉന്നതകുലജാതയായ പെണ്‍കുട്ടിയുടെ ശവകല്ലറയില്‍ നിന്നും ലഭിച്ച ‘ട്രംപിംഗ്ടണ്‍’ എന്ന പേരിലുള്ള കുരിശാണ് ബ്രിട്ടണിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ആര്‍ക്കിയോളജി & അന്ത്രോപോളജി മ്യൂസിയത്തില്‍ (MAA) പ്രദര്‍ശനത്തിന് വെക്കുക. കേംബ്രിഡ്‌ജിന് സമീപമുള്ള പുരാതന ക്രിസ്ത്യന്‍ ശ്മശാനങ്ങളില്‍ നടത്തിയ ഉദ്ഘനനത്തില്‍ കിട്ടിയതാണ് അപൂര്‍വ്വ കുരിശ്. സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച് മാണിക്യ കല്ലുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുള്ള ഈ കുരിശിന്റെ മൂല്യം ഏതാണ്ട് £80,000 വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
എഡി 650-നും 680-നും ഇടയിലാണ് 14-നും 18-നും ഇടക്ക് പ്രായമുള്ള ഈ പെണ്‍കുട്ടിയെ അടക്കം ചെയ്തിരിക്കുന്നതെന്ന് കരുതപ്പെടുന്നു. വളരെ അപൂര്‍വ്വമായ മെത്തയിലാണ് പെണ്‍കുട്ടിയെ അടക്കം ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണം കൊണ്ടുള്ള സൂചികള്‍, സ്ഫടിക മുത്തുകള്‍, ഇരുമ്പ് കത്തി, ചങ്ങല തുടങ്ങിയ വസ്തുക്കളും കല്ലറയില്‍ നിന്നും കിട്ടിയിട്ടുണ്ട്. ലോഹ ബ്രാക്കറ്റുകളോട് കൂടിയ മരം കൊണ്ടുള്ള ചട്ടക്കൂട്ടില്‍ പുല്ലുകൊണ്ടുള്ള മെത്തയിലായിരുന്നു ഈ പെണ്‍കുട്ടിയെ അടക്കം ചെയ്തതായി കരുതപ്പെടുന്നത്. ഇത്തരത്തിലുള്ള ആകെ 15 ശവമെത്തകളാണ് ഇതുവരെ യുകെയില്‍ നിന്നും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുള്ളത്.
ആരംഭകാലങ്ങളില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരില്‍ ഈ പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് പുരാവസ്തുഗവേഷകരുടെ അനുമാനം. ആദിമ ക്രൈസ്തവര്‍ ഉന്നത കുലജാതരായതിനാല്‍ ഈ പെണ്‍കുട്ടി ഒരു ഉന്നത കുലജാതയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. രാജകുടുംബാഗമാവാനുള്ള സാധ്യതയും അവര്‍ തള്ളികളയുന്നില്ല. 2011-ല്‍ ഭവനനിര്‍മ്മാണ പദ്ധതിക്ക് മുന്നോടിയായി ട്രംപിംഗ്ടണ്‍ മൈതാനത്തു നടത്തിയ ഖനനത്തിലാണ് പെണ്‍കുട്ടിയുടെ ഭൗതീകാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.
597-ല്‍ ആംഗ്ലോ-സാക്സന്‍ രാജാക്കന്‍മാരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നതിന് വിശുദ്ധ അഗസ്റ്റിനെ അന്നത്തെ പാപ്പാ അയച്ചതിന് ശേഷമുള്ള ഇംഗ്ലീഷ് സഭയുടെ ആദ്യകാലഘട്ടങ്ങളെകുറിച്ചും മേഖലയില്‍ ക്രൈസ്തവ പ്രചരിച്ചതിനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങളിലേക്ക് വെളിച്ചം വീശുവാന്‍ കെല്‍പ്പുള്ളതാണ് ട്രംപിംഗ്ടണ്‍ കുരിശ്. ആംഗ്ലോ-സാക്സന്‍ കാലഘട്ടത്തിലെ ഏറ്റവും നല്ല ശേഖരങ്ങളിലൊന്നാണ് എംഎഎക്ക് ലഭിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന മ്യൂസിയം ക്യൂറേറ്ററായ ജോഡി ജോയ് പറഞ്ഞു. ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ള പുരാവസ്തുവാണ് ട്രംപിംഗ്ടണ്‍ കുരിശെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|